ന്യൂഡൽഹി: കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാർശ വീണ്ടും കേന്ദ്രസർക്കാറിന് സമർപ്പിക്കാൻ കൊളീജിയത്തിൽ തത്വത്തിൽ ധാരണ. അതേ സമയം, കെ.എം ജോസഫിനൊപ്പം മറ്റ് ജഡ്ജിമാരുടെ പേരുകൾ കൂടി നൽകണോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നില നിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം തീരുമാനിക്കാനായി ബുധനാഴ്ച വീണ്ടും കൊളീജിയം യോഗം ചേരും.
ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാർശ കഴിഞ്ഞ മാസം കേന്ദ്രം മടക്കിയിരുന്നു. ശുപാർശ മടക്കാൻ കേന്ദ്രത്തിന് അധികാരമുെണ്ടന്ന നിലപാടാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര പ്രകടിപ്പിച്ചിരുന്നത്. ജസ്റ്റീസ് ജോസഫിന്റെ പേര് വീണ്ടും കേന്ദ്രത്തിന് അയക്കണമെന്നാണ് കൊളീജിയം അംഗമായ ജസ്റ്റീസ് ജെ. ചെലമ്വശ്വറിനുണ്ടായിരുന്ന ഉറച്ച നിലപാട്. ഇതിനിടെയാണ് കൊളീജിയം യോഗം ചേർന്നിരുന്നത്.
ഉത്തരാഖണ്ഡിൽ 2016ൽ കേന്ദ്ര ഭരണം ഏർപ്പെടുത്തിയത് ജസ്റ്റീസ് കെ.എം. ജോസഫ് റദ്ദാക്കിയതിനുള്ള ‘ശിക്ഷ’യാണ് കേന്ദ്രം നൽകുന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
സ്വതന്ത്ര ജുഡീഷ്യറിക്കു മുകളിലുള്ള ഇടപെടലാണ് കേന്ദ്ര നടപടിയെന്നാണ് നിയമവൃത്തങ്ങളുടെ ആരോപണം. അഞ്ച് മുതിർന്ന ജഡ്ജിമാരടങ്ങുന്ന കോളീജിയമാണ് ജുഡീഷ്യൽ നിയമനങ്ങളിൽ അവസാന വാക്ക്.