കെ.വി സുമംഗല
പാതിരകാലത്തിന്റെ നിര്‍മാണഘട്ടത്തില്‍ സംവിധായകന്‍ പ്രിയനന്ദനന്‍ ഫേസ്ബുക്ക്‌പോസ്റ്റുകളിലൂടെ നിരന്തരം സംവദിക്കാറുണ്ടായിരുന്നു. സിനിമ പൂര്‍ത്തിയായപ്പോള്‍ സിനിമ പ്രദര്‍ശിപ്പിക്കുക എന്ന ദൗത്യമായിരുന്നു സംവിധായകനുണ്ടായിരുന്നത്. ഒന്നും രണ്ടും ടിക്കറ്റുകള്‍ കൂട്ടുകാര്‍ കൂടുന്നയിടങ്ങളിലും നടപ്പാതകളില്‍ നിന്നുകൊണ്ട് വഴിയാത്രക്കാര്‍ക്കിടയിലും വിറ്റുതീര്‍ക്കുന്ന സംവിധായകനെയാണ് പിന്നെ കണ്ടത്. അങ്ങനെ സമാന്തരരീതിയില്‍ ചുരുക്കം ചില പ്രദര്‍ശനങ്ങളാണ് ഇതുവരെ നടത്തിയത്.
സംവിധായകനായ പ്രിയനന്ദനനും തിരാക്കഥാക്കൃത്തായി മാറിയ കവി പി. എന്‍. ഗോപികൃഷ്ണനും സംഗീത പ്രതിഭയായ സുനില്‍കുമാറും ക്യാമറയില്‍ തനിക്കെന്തുചെയ്യാനാവുമെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന അശ്വഘോഷനും കൂടി നിര്‍ണയിച്ച പാതിരകാലത്തിന്റെ കാഴ്ചയെ പ്രതീക്ഷിച്ചതല്ല എന്ന പ്രതികരണത്തോടെ ആസ്വദിച്ചവരാണധികവും. സിനിമയെക്കുറിച്ചുള്ള സംവിധായകന്റെ രീതികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അത് പ്രേക്ഷകര്‍ തീരുമാനിക്കുന്നതാവണമെന്നില്ല. എങ്കിലും ആ സമ്പ്രദായങ്ങളുടെ മെരുക്കത്തെ എത്രകണ്ട് ആസ്വാദനത്തിന് വഴക്കിയെടുക്കാം എന്നത് കലയുടെ ക്രാഫ്റ്റ് ആണ്. അവിടെ കടന്നുവരുന്ന അതിഭാവുകത്വങ്ങള്‍ കാലത്തിനുള്ളില്‍ നിന്നുകൊണ്ട് കാണേണ്ടതുമാണ്.
ആകമാനമായ സംവേദനത്തിലൂടെ വിടവുകള്‍ക്കിടയിലെ പ്രകാശമാകാന്‍ കഴിയുന്ന ഒരു സിനിമയുടെ അപര്യാപ്തകളെ മറികടക്കേണ്ട ആസ്വാദനസന്നദ്ധത പാതിരകാലം അര്‍ഹിക്കുന്നുവെന്ന് ആദ്യമെ പറയേണ്ടി വരുന്നു. തേഞ്ഞുപോകാത്ത നാടകീയതകള്‍ക്കപ്പുറം മൂല്യബോധമുള്ള പ്രതീക്ഷകള്‍ സിനിമയുടെ ശക്തിഭദ്രതയാകുന്ന രീതിയെ നോക്കികാണുമ്പോള്‍ ഇനിയും വേദികളില്‍ വരേണ്ട കാഴ്ച തന്നെയാണ് പാതിരകാലത്തിന്റേത്. അറിയുന്നവന്റെയും അറിയിക്കുന്നവന്റെയും രാഷ്ട്രീയത്തെയാണ് പാതിരകാലം കൈകാര്യം ചെയ്യുന്നത്. മനുഷ്യനെന്ന കൂട്ടായ്മയില്‍ നിന്ന് അനുതാപവും സ്‌നേഹധാരകളുമൊക്കെ അകന്നുപോകുമ്പോള്‍ അധികാരത്തിന്റെ കളങ്ങള്‍ തീര്‍ക്കുന്ന നിഗൂഢമായ ജീവനവഴികള്‍ പാതിരകാലത്തിന് വേദിയാകുന്നു.
വ്യക്തിയുടെ അസ്വാതന്ത്ര്യത്തിന്റെയും തിരോധാനത്തിന്റെയും നിരവധി പരിചയങ്ങളുള്ള സിനിമാലോകത്ത് അത്തരമൊരു കഥാതന്തുവിനെതന്നെ വീണ്ടും തിരഞ്ഞെടുക്കുകയാണ് പാതിരകാലം. വ്യക്തിസ്വാതന്ത്ര്യം ഭരണകൂടത്തിന്റെ പരിധിയിലേക്കുള്ള കൈകടത്തലായി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ അധികാരലോകത്തിന് ചെയ്യാനാവുന്നതുതന്നെ ഇവിടെയും സംഭവിക്കുന്നു. എന്നാല്‍ അധികാര തന്ത്രങ്ങളിലേയ്ക്കുള്ള കടന്നുനോക്കലിനൊടുവില്‍ ഞാന്‍, നീ എന്ന രണ്ടറ്റങ്ങള്‍ ഭേദിച്ച് ഒന്നിലേയ്‌ക്കെത്തുന്ന പ്രാകൃതികമായ ഒരനിവാര്യതയെ പാതിരകാലം മുന്നോട്ടുവെയ്ക്കുന്നു.
നാടകകാലത്തെ കൈവിടാനുള്ള വിമുഖത കാട്ടിക്കൊണ്ടാണ് പ്രിയനന്ദനന്‍ പാതിരകാലത്തിന്റെ വിനിമയഭാഷയെ കണ്ടെടുക്കുന്നത്. കഥയുടെ ചുരുളഴിക്കുക എന്ന രീതിയിലേയ്ക്കാണ് ക്യാമറയുടെ ചലിക്കുന്ന കണ്ണുകളും തിരക്കഥയിലെ സംഭാഷണസ്പഷ്ടതകളും എത്തിച്ചേരുന്നത്. ഇതോടെപ്പം അച്ഛനെ അന്വേഷിക്കുന്ന മകളുടെ യാത്രകളില്‍ പല സമകാലിക പ്രശ്‌നങ്ങളും വന്നുചേരുന്നു. എല്ലാ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ഒരൊറ്റ സിനിമയുടെ വെമ്പല്‍ അരോചകമാകുന്ന അവസരങ്ങള്‍ നിരവധിയുണ്ടെങ്കിലും ഇത് കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ വര്‍ത്തമാനപ്രസക്തിമൂലം അവയെല്ലാം പൊറുക്കാന്‍ പ്രേക്ഷകര്‍ തയ്യാറാകും.
ബന്ധങ്ങളുടെ നഷ്ടങ്ങളില്‍നിന്നാണ് പാതിരകാലം തുടങ്ങുന്നത്. ഒരു വ്യക്തിയുടെ നഷ്ടം ഒരു കുടുംബത്തിന്റെ നഷ്ടമാകുമ്പോള്‍ ജീവിതത്തിന്റെ ശക്തിയും താളവും ചോര്‍ന്നുപോകുന്നിടത്ത് അച്ഛനെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന മകളായി മൈഥിലി വേഷമിടുന്ന ജഹനാരയെത്തുന്നു. ബര്‍ലിനില്‍ ഗവേഷണ പഠനവുമായി ജീവിക്കുന്ന അവള്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുകയാണ്. സ്വന്തം നാട്ടില്‍ മനുഷ്യരെങ്ങിനെ ജീവിക്കുന്നു എന്നതു തന്നെ അവള്‍ക്കൊരു പാഠമാകുന്നുണ്ട്. ഹുസൈന്‍ എന്ന അച്ഛന്‍ കുടുംബത്തിലല്ല സമൂഹത്തിലാണ് ജീവിച്ചിരുന്നതെന്ന അറിവിലേയ്ക്ക് അവളുടെ അന്വേഷണം പരക്കുന്നു.
ഒരു ഡോക്യുമെന്റേറ്റീവ് ടൂളോടെയാണ് സംവിധായകന്‍ അധികം പറയാതെ ഫലിപ്പിക്കാവുന്ന പല രീതികളെയും അവഗണിച്ച് നറേറ്റിവ് ആയി കഥ തുടരുന്നത്. എന്നാല്‍ അതോടൊപ്പം വ്യക്തിയുടെ വിടവുകളില്‍നിന്ന് അധികാരത്തിന്റെ പ്രമത്തതയിലേയ്ക്കുള്ള ഒരു സഞ്ചാരതാളത്തെ ഉറപ്പിച്ചെടുക്കാന്‍ സിനിമയ്ക്കാവുന്നുണ്ട്. ജഹനാരയുടെ അന്വേഷണത്തില്‍നിന്ന് ലഭിക്കുന്ന പതിഞ്ഞ തെളിവുകള്‍ ആടുന്ന താളത്തിലൂടെ ഉല്‍ക്കടമായ നെഞ്ചുടക്കിലേയ്‌ക്കെത്തിക്കുന്ന രീതിയില്‍ സിനിമ പുരോഗമിക്കുന്നു. ജഹനാരയും സുഹൃത്തായ മഹേഷും ഹുസൈനെ അന്വേഷിച്ച് നടക്കുന്ന വഴികളിലൊക്കെ ഈ അപകടകരമായ താളത്തിന്റെ പതനശബ്ദങ്ങളുണ്ട്. അതിലൂടെയൊക്കെ ഒരു സംരക്ഷകന്റെ ധൈര്യവും കാരുണ്യവുമുള്ള അച്ഛന്റെ രൂപം അവളിലെത്തിക്കൊണ്ടിരുന്നു. അവള്‍ അതുവരെയുള്ള ജഹനാരയല്ലാതായി മാറുന്നു.
എന്നാല്‍ ഈ തിരിച്ചറിവിലേയ്ക്കുള്ള ആമുഖങ്ങള്‍ നിരവധിയാകുന്നത് സിനിമയുടെ സംക്ഷിപ്തതയെ അകപ്പെടുത്തുന്നുണ്ട്. ഒരു പ്രശ്‌നത്തിന്റെ വഴിമുഖങ്ങള്‍ എന്നതിനപ്പുറം നിരവധി വഴികളിലെ പ്രശ്‌നരൂപങ്ങള്‍ സിനിമയില്‍ നിറയുന്നു. സിനിമ നിയന്ത്രിതമല്ലാത്തവിധം ആശയങ്ങളുടെ വിചാരണവേദിയാകുന്നു. എങ്കിലും അധികാരം കെണിയൊരുക്കുന്ന വഴികളിലേയ്ക്കുള്ള പോക്കില്‍ ക്യാമറയുടെ നിരാമയമായ ഒരൊഴുക്ക് ചാരുത സൃഷ്ടിക്കുന്നുണ്ട്. ചാഞ്ഞുകിടക്കുന്ന മരച്ചില്ലകള്‍ ഉയരത്തിലെത്തി കൊടുങ്കാറ്റിലാടുന്നു. ഒഴുകിപ്പരക്കുന്ന ജലം പിരിഞ്ഞുയര്‍ന്ന് തിരമാലകള്‍ തീര്‍ക്കുന്നു. കൂര്‍ത്ത മുനകളാല്‍ വരണ്ട കുന്നുകള്‍ അമ്മദൈവങ്ങള്‍ക്ക് പടപ്പുറപ്പാടുകള്‍ തീര്‍ക്കുന്നു. അധികാരത്തിനു മുന്നില്‍ നിസ്സഹായരാകുന്ന മനുഷ്യന്റെ, പ്രകൃതിയുടെ തീപ്പടര്‍പ്പുകളാണവ.
അധികാരത്തിന്റെ ആസുരതകള്‍ ഹനിക്കുന്ന സമകാലിക ജീവിതത്തിന്റെ സ്വയംനിര്‍ണയാവകാശത്തെ പാതിരകാലം തിരികെ ചോദിക്കുകയാണ്. ഭരണകൂടത്തിനാവശ്യം ഭയം ഭരിക്കുന്ന ജനതയെയാണ്. ഭയം കൊണ്ട് ആന്തരികമായി തകര്‍ത്തെടുത്ത ജനതയെ ഭരിക്കാനെളുപ്പമാണെന്ന് അവര്‍ക്കറിയാം. മതരാഷ്ട്രീയ വൈരങ്ങളും അന്തച്ഛിദ്രങ്ങളും നിരന്തരമായി സൃഷ്ടിച്ചുകൊണ്ട് അവര്‍ ഇത് സാധിച്ചെടുക്കുന്നു. ഈ തന്ത്രത്തെയാണ് മുറിഞ്ഞ വേരില്‍ തൂങ്ങിക്കിടക്കുന്ന ഹുസൈന്‍ എന്ന അച്ഛനിലൂടെ സിനിമ പൊളിച്ചെടുക്കുന്നത്. ഹുസൈന്‍ ഒളിച്ചുകടത്തുന്ന മനുഷ്യത്വത്തിന്റ രീതികള്‍ ഭരണകൂടത്തിന് അലോസരമുണ്ടാക്കുന്നു. സ്റ്റേറ്റിന് അഭികാമ്യനല്ലെന്ന പ്രഖ്യാപനത്തിന് കാരണമാക്കുന്നു. അയല്‍വാസിയായ സഹപ്രവര്‍ത്തകന്‍ പോലും വ്യവസ്ഥിതിയോട് ചേര്‍ന്നുനില്ക്കാത്ത ഹുസൈന്റെ രീതികളെ കുറ്റപ്പെടുത്തുന്നുണ്ട്.
ഹുസൈന്‍ സ്വീകാര്യനായ ചില തലങ്ങളെയാണ് സിനിമയുടെ രാഷ്ട്രീയത്തെ നിര്‍ണയിക്കാന്‍ സംവിധായകന്‍ ഉപയോഗിക്കുന്നത്. കലാപമൊഴിഞ്ഞ കാടിന്റെയും കടലിന്റെയും അശരണത്വങ്ങളില്‍, ഉറവ വറ്റിച്ചപ്പോഴുണ്ടായ സമരകാഹളങ്ങളൊഴിഞ്ഞ അരങ്ങിന്റെ വറ്റാത്ത വിശപ്പുകളില്‍ എല്ലാം ആ മനുഷ്യന്‍ നിറഞ്ഞുനിന്നിരുന്നത് എങ്ങനെയെന്ന് ജഹനാര അറിയുന്നു. അയാള്‍ അവളുടെ മാത്രം അച്ഛനല്ലാതാകുന്നു. എന്നാല്‍ പിന്തടരലുകളിലൂടെ, തിരച്ചിലിലൂടെ, ഭീഷണിയിലൂടെ, ഭേദ്യത്തിലൂടെ, ഉന്മൂലനത്തിലൂടെ അയാള്‍ ഒളിച്ചുകടത്തുന്ന മനുഷ്യത്വത്തെ ഭരണകൂടം നേരിടുന്നു. ഒടുവില്‍ ഭരണകൂടം നിരന്തരമായി തടയാന്‍ ശ്രമിക്കുമ്പോഴും അയാള്‍ ഉണ്ടാക്കിയെടുത്ത ഇത്തിരി വിടവിലേയ്ക്ക് ജഹനാര പ്രവേശിക്കുകയാണ്. അച്ഛന്‍ ഒസ്യത്തായി അവശേഷിപ്പിച്ച ആ വെളിച്ചത്തിന്റെ വെളിപാടിനെ അവള്‍ ഏറ്റെടുക്കുന്നു. ആ ഭൂതാവേശത്തിലൂടെ അവള്‍ സ്വയം അയാളായി മാറുന്നതിലാണ് സിനിമയെത്തുന്നത്.
മൂന്നു ഘട്ടങ്ങളായി നിറയുന്ന സിനിമയില്‍ ധ്വനികളേക്കാളേറെ സ്പഷ്ടതയാണ് ഓരോന്നിന്റെയും ആദ്യഭാഗങ്ങള്‍ക്കെങ്കില്‍ ഓരോ ഘട്ടവും അവസാനിക്കുന്നത് വിനിമയത്തിന്റെ വ്യക്തമായ സ്വാതന്ത്ര്യബോധങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്കിക്കൊണ്ടാണ്. മൂന്നു തലങ്ങളെയും ഒരേ താളത്തിലേയ്ക്കുയര്‍ത്തി സിനിമയുടെ രാഷ്ട്രീയത്തെ ഏകോപിപ്പിക്കുന്നതിന് തിരക്കഥാകൃത്തിനും സംവിധായകനും കഴിയുന്നു. ഉണര്‍ന്നെണീറ്റ് കമിഴ്ന്നടിക്കാന്‍ തയ്യാറാകുന്ന വൈകാരികതയുടെ രൂക്ഷതയെ സിനിമയില്‍ ആവേശിപ്പിക്കുന്നതാണ് സുനില്‍കുമാറിന്റെ സംഗീതം. മെല്ലെ മെല്ലെ ആര്‍ജ്ജിച്ചെടുത്ത് ഒടുവില്‍ നെഞ്ചിലമരുന്ന ചടുലതയും നിസ്സഹായതയും പ്രതിരോധവും ചിത്രത്തിന്റെ ഭാഷയായി മാറുന്നു. മനുഷ്യന്റെയും പ്രകൃതിയുടെയും നെഞ്ചിലമരുന്ന ആ ദുരന്തതാളമാണ് കരിമ്പാറയിൽ ചിന്തിയ ചോരവടുക്കളായി ഉറഞ്ഞുപോയത്. അവിടെ നിന്ന് അടർത്തിയെടുത്ത ഉർവ്വരതയുടെ കനൽമണ്ണിനെ നിർവ്വീര്യമാക്കപ്പട്ട ഭൂമികയിലേയ്ക്ക് കുടഞ്ഞെറിഞ്ഞ് വിത്തുപകുന്നതിനുള്ള ഊർജ്ജം അത് പുതുതലമുറയിൽ എത്തിക്കുന്നു. അങ്ങനെ ഈ സിനിമ കെട്ട കാലത്തിന്റെ കോലത്തിനു നേരെ കത്തിക്കുന്ന പ്രതീക്ഷയും പ്രതിരോധവുമാകുന്നു.