ബംഗളൂരു: ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പൊരുതിയ കര്‍ണാടക നിയമസഭ വോട്ടെടുപ്പില്‍ 70% പോളിങ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 71.45ഉം ബംഗളൂരുവില്‍ 57.63ഉം ശതമാനമായിരുന്നു പോളിങ്. പൂര്‍ണമായും വോട്ടുയന്ത്രങ്ങളും വിവിപാറ്റും ഉപയോഗിച്ചുള്ള ആദ്യ കര്‍ണാടക തെരഞ്ഞെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് ആറിന് അവസാനിച്ചു.
ബംഗളൂരു നഗരത്തില്‍ ഇത്തവണയും പതിവുപോലെ വോട്ടിങ് നന്നേ കുറവാണ് രേഖപ്പെടുത്തിയത്. വൈകീട്ട് അഞ്ചുവരെ 48% പോളിങ്ങാണ് ബംഗളൂരു അര്‍ബനില്‍ രേഖപ്പെടുത്തിയത്. തുടക്കത്തിലേ യന്ത്രങ്ങള്‍ പണിമുടക്കിയതോടെ മണിക്കൂറുകള്‍ വൈകിയാണ് പലയിടത്തും വോട്ടെടുപ്പ് ആരംഭിച്ചത്. സംസ്ഥാനത്ത് 164 പോളിങ് യൂണിറ്റും 157 കണ്‍ട്രോള്‍ യൂണിറ്റും 470 വിവിപാറ്റും തകരാറിലായി. ഇവ മാറ്റിസ്ഥാപിച്ച് വോട്ടെടുപ്പ് തുടര്‍ന്നു.
യന്ത്രം തകരാറിലായ ഹെബ്ബാള്‍ മണ്ഡലത്തിലെ ലൊട്ടഗല്ലഹള്ളി ബൂത്തില്‍ പോളിങ് തിങ്കളാഴ്ചത്തേക്ക് മാറ്റി. 222 നിയമസഭ മണ്ഡലങ്ങളിലായി 57,931 പോളിങ് ബൂത്തുകള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഒരുക്കിയിരുന്നു. ഉച്ചക്ക് ഒന്നിന് പോളിങ്ങില്‍ 33.42ഉം വൈകീട്ട് അഞ്ചിന് 64.35ഉം ശതമാനം രേഖപ്പെടുത്തി.
ഒന്നര ലക്ഷത്തോളം സുരക്ഷ ഉദ്യോഗസ്ഥരുടെ കനത്ത കാവലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഹാസനില്‍ പോളിങ് ബൂത്തിലേക്കുള്ള യാത്രക്കിടെ രണ്ടു സ്ത്രീകള്‍ ലോറിയിടിച്ചും ദക്ഷിണ കന്നട ജില്ലയിലെ ബെല്‍ത്തങ്ങാടിയില്‍ ബൂത്തില്‍ വരിനില്‍ക്കുന്നതിനിടെ വയോധികന്‍ കുഴഞ്ഞുവീണും മരിച്ചു.
കലബുറഗിയില്‍ 43 ഡിഗ്രി ചൂടില്‍ നടന്ന വോട്ടെടുപ്പിനിടെ വൈകീട്ട് മിന്നലോടെ കനത്തമഴയുമെത്തി. കലബുറഗിയിലെ തര്‍കാസ്പൂര്‍, കിറ്റൂരിലെ ഹുനസിക്കട്ടി ഗ്രാമങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. 224ല്‍ 222 നിയമസഭ സീറ്റിലേക്കുള്ള വോട്ടെടുപ്പാണ് ശനിയാഴ്ച നടന്നത്. ചൊവ്വാഴ്ചയാണ് ഫലം പുറത്ത് വരുന്നത്.