ന്യൂഡല്‍ഹി : ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കണമെന്ന ബിജെപിയുടെ കര്‍ണാടക അവകാശ വാദങ്ങള്‍ക്കിടയില്‍ പഴയ നിലപാടുകള്‍ തിരിഞ്ഞു കൊത്തുന്നു. ഗോവ, മണിപ്പൂര്‍, മേഘാലയ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന്റെ പാലം വലിച്ചു ബിജെപി അധികാരം പിടിച്ചെടുത്ത ഘട്ടത്തില്‍ ജയ്റ്റിലി നടത്തിയ ന്യായീകരണമാണ് സമാന സാഹചര്യം കര്‍ണാടത്തില്‍ വന്നപ്പോള്‍ വിനയായത്.
ഗോവയില്‍ 2017 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 40ല്‍ പതിനേഴു സീറ്റ് നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാല്‍ തിരഞ്ഞെടുപ്പ് അനന്തര കൂട്ടുകെട്ടുമായി ബിജെപി അധികാരം പിടിച്ചു. തൂക്കുമന്ത്രി സഭ വന്നാല്‍ കൂടുതല്‍ എം.എല്‍.എമാര്‍ ചേര്‍ന്ന് ഭരണ മുന്നണി രൂപീകരിച്ചാല്‍ ഗവര്‍ണര്‍ക്ക് അത് അംഗീകരിക്കാതെ തരമില്ലെന്നും അതിനു ഭരണഘടനപരമായ ബാധ്യത ഉണ്ടെന്നുമാണ് ജയ്റ്റിലി ബിജെപിയുടെ തന്ത്രങ്ങളെ ന്യായീകരിച്ചത്.
ഏറ്റവും ചുരുങ്ങിയ കാലയളവില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണം എന്നും ജയ്റ്റിലി ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരില്‍ 60ല്‍ 28 സീറ്റും മേഘാലയയില്‍ 60 ല്‍ 21 സീറ്റും നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയപ്പോഴും ഇതേ ന്യായീകരണങ്ങള്‍ ബിജെപി നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. അവിടങ്ങളില്‍ എല്ലാം ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍ക്കാരും തട്ടിക്കൂട്ടിയിരുന്നു. ഇതേ സാഹചര്യമാണ് കര്‍ണാടകയില്‍ ഇപ്പോള്‍. ബിജെപിയുടെ ഗോവ, മണിപ്പൂര്‍, മേഘാലയ ന്യായീകരണങ്ങള്‍ ശരിയാണെങ്കില്‍ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അനന്തര സഖ്യം ഉണ്ടാക്കിയ കോണ്‍ഗ്രസ്-ജനതാദള്‍ സെക്കുലര്‍ സഖ്യത്തെ വേണം ഗവര്‍ണര്‍ ക്ഷണിക്കാന്‍.