ജയ്പൂർ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും വെടിക്കെട്ടുകാരായ ബാംഗ്ലൂര്‍ സംഘവും ഐപിഎല്‍ പ്ലേ ഓഫ് പോലും കാണാതെ പുറത്തായി. നിർണായകമായ മത്സരത്തിൽ രാജസ്ഥാനാണ് 30 റൺസിന് കോഹ്‌ലിയേയും കൂട്ടരെയും കെട്ടുകെട്ടിച്ചത്. രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തപ്പോൾ ബാംഗ്ലൂർ 19.2 ഓവറിൽ 134റൺസിന് പുറത്തായി. ഈ ജയത്തോടെ പോയിന്‍റ് നേട്ടം 14 ആക്കി ഉയർത്തിയ രാജസ്ഥാൻ പ്ലേ ഓഫ് സാധ്യത നിലനിർത്തി.
രാജസ്ഥാന്‍റെ 165 എന്ന വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ ഒരിക്കൽ പോലും വിജയ പ്രതീതി ഉയർത്തിയില്ല. 53 റൺസെടുത്ത എ.ബി.ഡിവില്ലിയേഴ്സും 33 റൺസെടുത്ത പാർഥിവ് പട്ടേലും മാത്രമാണ് ബാംഗ്ലൂർ നിരയിൽ അല്പമെങ്കിലും പൊരുതി നോക്കിയത്. നായകൻ കോഹ്‌ലി ഉൾപ്പെടെ ഏഴു പേരാണ് രണ്ടക്കം പോലും കാണാനാകാതെ പവലിയനിലേക്ക് വന്നതിനേക്കാൾ വേഗത്തിൽ തിരിച്ചു മടങ്ങിയത്.
നാലു വിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലാണ് ബാംഗ്ലൂരിന്‍റെ നടുവൊടിച്ചത്.ബെൻ ലോഹ്‌ലിനും ജയദേവ് ഉനദ്കട്ടും രണ്ടുവീതം വിക്കറ്റുകൾ വീഴ്ത്തി ശ്രേയസിന് ഉറച്ച പിന്തുണ നൽകി. നേരത്തെ, 58 പന്തിൽ 80 റൺസെടുത്ത രാഹുൽ തൃപാഠിയുടെയും 33 റൺസെടുത്ത അജിങ്ക്യ രഹാനെയുടെയും 32 റൺസെടുത്ത ഹെൻറിച്ച് കാൾസന്‍റെയും പ്രകടനങ്ങളാണ് രാജസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. സീസണിൽ മിന്നും ഫോമിൽ കളിക്കുന്ന മലയാളി താരം സഞ്ജു സാംസണ് ഇവിടെ അടിതെറ്റി. റൺസൊന്നുമെടുക്കാതെയാണ് സഞ്ജു പുറത്തായത്. ബംഗളൂരുവിന് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അവശേഷിക്കുന്ന മത്സരങ്ങളിൽ മുംബൈയും പഞ്ചാബും തോറ്റാല്‍ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാം. പഞ്ചാബും മുംബൈയും ജയിച്ചാല്‍ മികച്ച റണ്‍റേറ്റുള്ള ടീം പ്ലേ ഓഫിലെത്തും.