മുബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 170 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി ഉത്തരവിറക്കിയത്. പണമിടപാട് നിരോധന നിയമ പ്രകാരമാണ് നടപടി.
മോദിയുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഫയര്‍ സ്റ്റാര്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, സൂറത്തിലെ പൗദ്ര എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ വസ്തുവകകളാണ് കണ്ടുകെട്ടിയത്. ഇവക്ക് 73 കോടിയോളം രൂപ മതിപ്പ് വില വരും. കമ്പോളത്തില്‍ 63 കോടി രൂപ മതിപ്പ് വിലയുള്ള അന്ധേരിയിലെ എച്ച്.സി.എല്‍ ഹൗസ് ഇതില്‍ ഉള്‍പ്പെടും.
കൂടാതെ, മോദി, സഹോദരന്‍ നീഷാല്‍ മോദി, ഇവരുടെ സ്ഥാപനങ്ങള്‍ എന്നിവയുടെ പൊതുമേഖലാ, സ്വകാര്യ മേഖലാ, സഹകരണ ബാങ്കുകളിലെ 108 അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചു. യൂണിയന്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കൊടക് മഹേന്ദ്ര ബാങ്ക്, സൂറത്ത് പീപ്പ്ള്‍ കോ ഓപറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്നിവ വഴിയുള്ള 58 കോടി രൂപയുടെ പണമിടപാടുകളാണ് മരവിപ്പിച്ചത്.
മോദിയുടെ കാംലെറ്റ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, എ.എന്‍.എം എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ വാങ്ങിയ ഓഹരികളുടെ ഇടപാടുകളും മരവിപ്പിച്ചു. സണ്‍ ഫാര്‍മ, അംബുജ സിമന്റ്‌സ്, പി.എന്‍.ബി ഹൗസിങ് ഫിനാന്‍സ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ജ്യോതി ലബോറട്ടറീസ്, ഐ.ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പേഴ്‌സ്, ടോറന്റ് ഫാര്‍മസ്യൂട്ടികള്‍സ് എന്നീ കമ്പനികളുടെ ഓഹരികളാണ് വാങ്ങിയിരുന്നത്.
1.90 കോടി രൂപ വില വരുന്ന റോല്‍സ് റോയിസ്- ഗോസ്റ്റ് കാര്‍ ഉള്‍പ്പെടെ 4.01 കോടി വില വരുന്ന 11 വാഹനങ്ങളും കണ്ടുകെട്ടിയിരുന്നു. 78 ലക്ഷം രൂപയുടെ പോര്‍ഷെ എ.ജിയും രണ്ട് മെഴ്‌സിഡസ് ബെന്‍സ് കാറുകളും ഇതില്‍ ഉള്‍പ്പെടും.
അതേസമയം നീരവ് മോദി ലണ്ടനില്‍ ഉണ്ടെന്നും സിംഗപൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് യാത്രകളെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്, പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി ജനുവരിയില്‍ മുംബൈയില്‍നിന്ന് യുഎഇയിലേക്കു കടന്നതാണ്. മാര്‍ച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗില്‍ നിരവധി സ്ഥാപനങ്ങള്‍ മോദിയുടേതായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മോദിയെ പിടികൂടാന്‍ സര്‍ക്കാര്‍ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നു. അവിടെനിന്ന് അമേരിക്കയിലേക്കും കടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.