കണ്ണൂര്‍: പയ്യന്നൂരില്‍ ബിജെപി സിപിഎം സംഘര്‍ഷം. സംഘര്‍ഷത്തില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകന്‍ ഷിനു, ബിജെപി പ്രവര്‍ത്തകനായ രഞ്ജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അക്രമത്തെ തുടര്‍ന്ന് ബിജെപി ഓഫീസിനു നേരെ ബോംബേറുണ്ടായി.
സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ ബിജെപി പ്രവര്‍ത്തകന്‍ ഷിനുവിന് വെട്ടേറ്റതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഷിനു സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. ഷിനു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പരിക്കേറ്റ ഇരുവരേയും പയ്യന്നൂരിലെ വ്യത്യസ്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂരിലെ ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസായ മാരാര്‍ജി ഭവനുനേരെ സ്റ്റീല്‍ബോംബ് എറിഞ്ഞു. ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്.