ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് ചെമ്പു ശുദ്ധീകരണശാലക്കെതിരെയുണ്ടായ പ്രക്ഷോഭം വെടിവെപ്പില്‍ അവസാനിച്ചപ്പോള്‍ ഒരു സ്ത്രീ ഉള്‍പ്പെടെ പന്ത്രണ്ടു പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്ത് ഇത്തരത്തിലൊരു പ്രക്ഷോഭം അരങ്ങേറി സാധാരണക്കാരായ ജനങ്ങള്‍ കൊല്ലപ്പെട്ടുവെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രിയോ, ഭരണസിരാ കേന്ദ്രങ്ങളിലെ ഉന്നതരോ ഒരക്ഷരം പോലും ഇതുവരെ ഉരിയാടിയിട്ടില്ല.
മോദിയുടെ ഈ മൗനം ആര്‍ക്കു വേണ്ടി? ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതല്‍ വേദാന്തയുമായി തുടങ്ങിയ മോദിയുടെ ബന്ധം പ്രധാനമന്ത്രി ആയപ്പോള്‍ ഒന്നുകൂടി ഊട്ടിയുറച്ചു എന്നു വേണം കരുതാന്‍. മോദിയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നായ സ്വച്ഛ് ഭാരതിന്‍റെ പ്രധാന സ്പോണ്‍സര്‍മാരില്‍ ഒന്നായിരുന്ന വേദാന്ത ദാവോസില്‍ നടന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ മോദിക്കൊപ്പം നിറസാനിധ്യമായിരുന്നു . പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദി ദാവോസില്‍ പ്രധാനമന്ത്രിക്കൊപ്പം പോയത് വിവാദമായിരുന്നല്ലോ. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മോദി നടത്തിയ ലണ്ടന്‍ പര്യടനത്തിന്റെ സ്‌പോണ്‍സറും വേദാന്തയും അനില്‍ അഗര്‍വാളും ആയിരുന്നു. യു.കെയില്‍ സ്ഥിരതാമസമാക്കിയ അനില്‍ അഗര്‍വാളിന്റെ പരസ്യങ്ങള്‍ കണ്ടാണ് മോദിയുടെ യു.കെ പര്യടന ദിവസങ്ങളില്‍ അന്നാട്ടുകാര്‍ പത്രംകൈയ്യിലെടുത്തതും ടെലിവിഷന്‍ ചാനല്‍ കണ്ടതും. ആ പരസ്യമാണ് മുകളില്‍ ഉള്ളത്. ഈ സര്‍ക്കാരിന്‍റെ കാലത്ത് നടന്ന ഇന്ത്യന്‍ ഓയില്‍-പ്രകൃതിവാതക ബ്ലോക്കുകളുടെ ലേലത്തില്‍ വേദാന്തയ്ക്ക് ലഭിച്ച പ്രാമുഖ്യം തന്നെ ഈ ഗ്രൂപ്പുമായി ബിജെപിക്കുള്ള കൊടുക്കല്‍ വാങ്ങലുകളുടെ തെളിവ്. ഇതിന്‍റെ ബാക്കി പത്രമാണ് തങ്ങള്‍ അധികാരം പിടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നു പലവട്ടം വ്യകതമാക്കിയ തമിഴ്നാട്ടില്‍ നടന്ന ഒരു ഭരണകൂട ഭീകരതയില്‍ പോലും മോദിയും അമിത് ഷായും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും എല്ലാം നിശബ്ദമാകുന്നത്.
പ്രക്ഷോഭക്കാര്‍ക്ക് നേരെയുണ്ടായ വെടിവെപ്പ് ആസൂത്രിതമാണെന്ന് പുറത്തു വന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതാണ്. കോര്‍പ്പറേറ്റുകളുടെ സംരക്ഷണത്തിനായി എന്തും ചെയ്യാനുള്ള ഉത്തരവ് മുകളില്‍ നിന്ന് പൊലീസിനു ലഭിച്ചിരുന്നു എന്ന സൂചനകള്‍ വെളിവാക്കുന്ന തരത്തിലാണ് ചിത്രങ്ങള്‍.മഹാരാഷ്ട്രയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് കമ്പനി അവിടെത്തെ സമരങ്ങള്‍മൂലമാണ് തൂത്തുക്കുടിയിലേക്ക് എത്തിയത്. അനുവദനീയമായതിലും കൂടിയ അളവില്‍ സള്‍ഫര്‍ ഡൈ ഓ്ക്സൈഡ് പുറംതള്ളുന്നതായി പലവട്ടം സര്‍ക്കാര്‍തന്നെ കണ്ടെത്തിയെങ്കിലും അധികാരികള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കമ്പനിക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കുകയായിരുന്നു.2013 ല്‍ മലിനീകരണത്തിനെതിരെ സുപ്രീം കോടതിയില്‍ പോയ കേസില്‍ പോലും നൂറു കോടി പിഴ അടച്ച് പ്രവര്‍ത്തനം തുടരാനാണ് കോടതി ഉത്തരവിട്ടത്.പ്ലാന്റിന്റെ 25 വര്‍ഷത്തെ ലൈസന്‍സ് അവസാനിക്കാനിരിക്കെ അത് പുതുക്കി നല്‍കാനുള്ള ശ്രമമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. പ്രക്ഷോഭരംഗത്തേക്ക് ഇറക്കിയത്.