തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ കാറ്റും മഴയും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് 29 വരെ തുടരും. 29 മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 35-45 കിലോമീറ്ററായിരിക്കും. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
കന്യാകുമാരിയുടെ തെക്കുഭാഗത്തും ശ്രീലങ്കാ തീരത്തിനടുത്തും രണ്ട് അന്തരീക്ഷച്ചുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. അന്തരീക്ഷത്തിന്റെ ഉയര്‍ന്നതലത്തില്‍ കാറ്റ് കേന്ദ്രീകരിക്കുന്നതാണ് അന്തരീക്ഷച്ചുഴി. ഇത് താഴ്ന്ന് സമുദ്രോപരിതലത്തിനടുത്ത് എത്തുമ്പോഴാണ് ന്യൂനമര്‍ദമായി മാറുന്നത്. ന്യൂനമര്‍ദം ശക്തിയാര്‍ജിച്ചാല്‍ ചുഴലിക്കാറ്റായും മാറും. എന്നാല്‍, എല്ലാ അന്തരീക്ഷച്ചുഴികളും ന്യൂനമര്‍ദമാകണമെന്നില്ല. ഈ അന്തരീക്ഷച്ചുഴികളുടെ സ്വാധീനമാണ് കേരളത്തില്‍ മഴയും കാറ്റും ശക്തമാകാന്‍ കാരണം.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം 23-ന് അന്തമാന്‍ ദ്വീപസമൂഹത്തില്‍ എത്തുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നത്. തുടര്‍ന്ന് 29-ന് കേരളത്തില്‍ എത്തുമെന്നും. എന്നാല്‍, അന്തമാനില്‍ കാലവര്‍ഷത്തിന്റെ വരവ് വൈകിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം അവിടെയെത്താനുള്ള അനുകൂല സാഹചര്യമുണ്ടെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. കാലവര്‍ഷം ആന്‍ഡമാനില്‍ എത്താന്‍ വൈകിയാലും കേരളത്തിലെ മഴക്കാലം വൈകണമെന്നില്ല. കാലവര്‍ഷം പെട്ടെന്ന് വ്യാപിച്ചേക്കാം. അതിനാല്‍ കേരളത്തില്‍ കാലവര്‍ഷം വൈകില്ലെന്ന പ്രതീക്ഷയാണിപ്പോള്‍. കാലാവസ്ഥാമാറ്റം ഇതിന് അനുകൂലമാണ്.