ന്യൂഡല്‍ഹി: ആം ആദ്മി സര്‍ക്കാരിന്റെ താളം തെറ്റിക്കാനായി നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിക്കെതിരായ പോരാട്ടമാണ് ഡല്‍ഹി മുഖ്യമന്ത്രിയും ഉപമുഖ്യനുമടക്കമുള്ളവര്‍ കഴിഞ്ഞ ഒന്‍പതു ദിവസമായി നയിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും മുന്‍കാലങ്ങളില്‍ ഉയര്‍ത്തിയ ഡല്‍ഹിക്ക് പൂര്‍ണ അധികാരമെന്ന ആവശ്യം ഉയര്‍ത്തി കെജ്രിവാളും കൂട്ടരും സമരം ചെയ്യുമ്പോള്‍ തികഞ്ഞ രാഷ്ട്രീയ അന്ധത കാട്ടി കേന്ദ്രസര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. ആംആദ്മികളെ തലസ്ഥാന നഗരിയില്‍ നിയന്ത്രിച്ചു നിര്‍ത്തുന്നതിനായി പൊലീസ്, പൊതുഭരണം റവന്യൂകാര്യങ്ങളില്‍ അന്തിമതീരുമാനം എടുക്കാനുള്ള അവകാശം ലഫ്. ഗവര്‍ണര്‍ക്ക് കൈമാറിയ മോദി സര്‍ക്കാരിനെയാണ് ഗവര്‍ണരുടെ വസതിയില്‍ നടത്തുന്ന സമരത്തിലൂടെ കെജ്രിവാള്‍ വെല്ലുവിളിക്കുന്നത്.
ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവിയെന്ന ആവശ്യം ഇതാദ്യമായല്ല ഉയരുന്നത്. 1988-94, 1998, 1999, 2003, 2006, 2011, 2013, 2014 വര്‍ഷങ്ങളില്‍ ബിജെപിയില്‍ 1988, 2004, 2011, 2013, 2015 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസും പൂര്‍ണസംസ്ഥാന പദവിയെന്ന ആശയം രാഷ്ട്രീയമായി ഉയര്‍ത്തിയിരുന്നു. 1998 ല്‍ ഡല്‍ഹി ബിജെപി സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കാനായി അടല്‍ ബിഹാരി വാജ്‌പേയ് നയിച്ച ദേശീയ ജനാധിപത്യ സര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിന് അര്‍ദ്ധ പൂര്‍ണാവകാശം വരെ നല്‍കിയതുമാണ്. അതായത് പൊലീസ് പൊതുഭരണം റവന്യൂ വകുപ്പുകളില്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടിയശേഷമെ ലഫ്. ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. നരേന്ദ്ര മോദിയുടെ 2014 ലെ ലോക് സഭാതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആദ്യ തിരിച്ചടിയായി ഡല്‍ഹിയില്‍ ആംആദ്മികള്‍ വന്‍ മുന്നേറ്റം നടത്തി സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെതന്നെ 98 ലെ വാജ്‌പേയിയുടെ പരിഷ്‌കാരത്തെ മോദി കാറ്റില്‍ പറത്തി. അതായത്, ബ്യൂറോക്രാറ്റുകളുടെ നിയന്ത്രണത്തിലേക്ക് ഡല്‍ഹി സര്‍ക്കാരിനെ മനഃപൂര്‍വ്വം തള്ളിവിട്ടു. തീരുമാനങ്ങള്‍ എടുക്കുന്ന സര്‍ക്കാരിന് പക്ഷേ ആ തീരുമാനം നടപ്പിലാക്കണമെഹ്കില്‍ ഐഎഎസുകാരുടെ മൂടുതാങ്ങേണ്ട നിലയായി. ഡല്‍ഹി സര്‍ക്കാര്‍ 98 ലെ ഭേദഗതി പുസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഫ്. ഗവര്‍ണര്‍ മന്ത്രിമാരുടെ ഉപദേശം എല്ലാകാര്യത്തിലും തേടേണ്ടതില്ലായെന്ന വിധിയാണ് ചീഫ്. ജസ്റ്റിസ്റ്റ് ജി. രോഹിണിയും ജസ്റ്റിസ് ജയന്ത്‌നാഥും പ്രഖ്യാപിച്ചത്.
ഐഎഎസ് രാജിന് മുന്നില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നുവെന്ന് കണ്ടതോടെയാണ് ആംആദ്മി സര്‍ക്കാര്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്. പൊലീസ്, റെയില്‍വേ പൊലീസ്, ഭൂമി, കെട്ടിടങ്ങള്‍, പൊതുസംവിധാനങ്ങള്‍, ജലസേചനം, സാനിറ്റേഷന്‍ ഇവയിലൊന്നും നിര്‍ണായക തീരുമാനം കൈകൊള്ളാനാകാത്ത ഒരവസ്ഥയിലാണ് 1956 ല്‍ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട ഡല്‍ഹിയിലെ സര്‍ക്കാര്‍ ഉള്ളത്. മുന്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജംഗുമായി എന്നും പോരിലായിരുന്നു അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍. അതിനുശേഷം അനില്‍ ബൈജെല്‍ വന്നെങ്കിലും നയപരമായ തീരുമാനങ്ങളില്‍ മെല്ലെപോക്കില്‍ മാത്രം ഒരു മാറ്റവും ഉണ്ടായില്ല.
നിലവില്‍ ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഇങ്ങനെയാണ്, പ്രധാനമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുക, അതിന്റെ ഫയല്‍ ലഫ്. ഗവര്‍ണര്‍ക്ക് അയയ്ക്കുക, ഗവര്‍ണര്‍ അത് മന്ത്രിമാര്‍ക്ക് തന്നെ തിരിച്ചയക്കുക. ഒപ്പം ചില നിര്‍ദ്ദേശങ്ങളും ചില വിശദീകരണ തേടലുകളും വകുപ്പുകളുടെ അംഗീകാര തേടലെല്ലാമായി ദിവസങ്ങള്‍ അങ്ങ് പോകും. ആംആദ്മി സര്‍ക്കാരിന്റെ മുപ്പത് പ്രൊജക്ടുകളാണ് ഇത്തരത്തില്‍ ലഫ്. ഗവര്‍ണര്‍ വൈകിപ്പിക്കുന്നത്. ഏപ്രില്‍ ഡല്‍ഹി നിയമസഭയില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോറിയ ഇക്കാര്യത്തിലെ കണക്കുകള്‍ വെളിവാക്കിയിരുന്നത്. ആംആദ്മികള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞ ആവശ്യങ്ങള്‍പോലും നിറവേറ്റാനാകാത്ത അവസ്ഥയാണ് കെജ്രിവാളിനെക്കൊണ്ട് സമരം ചെയ്യിക്കുന്നത്. ബിജെപി സര്‍ക്കാര്‍ ഒരു കാലത്തും ഡല്‍ഹിക്ക് പൂര്‍ണസ്വയഭരണ അധികാരം തരില്ലായെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അത്തരത്തിലൊരു തീരുമാനം വന്നാല്‍ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കായി പ്രചരണം നടത്തുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിക്കാന്‍ കാരണം. വാജ്‌പേയ് അനുവദിച്ച അവകാശങ്ങള്‍ എന്തിന് മോദി കവര്‍ന്നു എന്ന ആംആദ്മികളുടെ ചോദ്യത്തിന് ബിജെപി മറുപടി കൊടുത്തേ തീരൂ.