മോസ്കോ : റഷ്യന്‍ ലോകകപ്പിലെ നിഗൂഡ സംഘമെന്ന വിളിപ്പേര് അന്വര്‍ഥമാക്കി കൈമെയ് മറന്നു പൊരുതിയ മൊറോക്കോയെ കഷ്ടിച്ചു പിന്തള്ളി പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ബിയില്‍ നിന്നും നോക്കൌട്ട് പ്രതീക്ഷ നിലനിര്‍ത്തി.(1-0) പലവട്ടം രക്ഷകനായ ഗോള്‍കീപ്പര്‍ റൂയി പെട്രിഷിയോ കൈവിരിച്ചു കാവല്‍ നിന്നില്ലായിരുന്നെങ്കില്‍ നാലാം ലോകകപ്പ് കളിക്കുന്ന ആഫ്രിക്കന്‍ സംഘം യൂറോപ്യന്‍ ചാമ്പ്യന്മാരെ അട്ടിമറിച്ചേനെ. എണ്ണം പറഞ്ഞ ഒരു ഡസന്‍ ഗോള്‍ അവസരങ്ങള്‍ തുറന്നെടുത്ത മൊറോക്കോയെ ഈ ലോകകപ്പിലെ നാലാം ഗോള്‍ കണ്ടെത്തിയ റൊണാള്‍ഡോയുടെ സ്കോറിംഗ് മികവിലൂടെയാണ് പോര്‍ച്ചുഗല്‍ മറികടന്നത്. ഈ ഗോളോടെ യൂറോപ്പിലെ മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന ഫ്രാങ്ക് പുഷ്ക്കാസിന്‍റെ റെക്കോഡ് റൊണാള്‍ഡോ (85) മറികടന്നു.
പോര്‍ച്ചുഗല്‍-മൊറോക്കോ മത്സരത്തില്‍ മൊറോക്കോ എന്ന ആഫ്രിക്കന്‍ സംഘമാണ് വീറോടെ പൊരുതിയത്. ആദ്യ മത്സരത്തില്‍ നിര്‍ഭാഗ്യം കൊണ്ടുമാത്രം അധികസമയത്തെ സെല്‍ഫ് ഗോളില്‍ കുരുങ്ങി ഇറാനോട് തോറ്റ മൊറോക്കോ നിര്‍ത്തിയ ഇടത്തുനിന്നും തുടങ്ങിയപ്പോള്‍ പോര്‍ച്ചുഗല്‍ ഗോള്‍ മുഖം പലവട്ടം വിറകൊണ്ടു. അര്‍ധ അവസരങ്ങള്‍ പോലും ലക്ഷ്യത്തില്‍ എത്തിക്കുന്ന റൊണാള്‍ഡോയെ പോലൊരു സ്കോറിംഗ് യന്ത്രം ഉണ്ടായിരുന്നുവെങ്കില്‍ ആഫ്രിക്കയില്‍ ഐവറികോസ്റ്റിനെയും മാലിയെയും അട്ടിമറിച്ച് ലോകകപ്പിന് ടിക്കറ്റ് എടുത്ത മൊറോക്കോ ചുരുങ്ങിയത് അഞ്ചു ഗോള്‍ എങ്കിലും നിറച്ചേനെ. അയാക്സ് മധ്യനിരക്കാരനായ സിയാച് തുടങ്ങിവെച്ച ആക്രമണങ്ങള്‍ അത്രയേറെ ചേതോഹരമായിരുന്നു. സ്പെയിനെതിരായ മത്സരത്തിനു സമാനമായി എതിരാളികള്‍ക്ക് കളി വിട്ടുകൊടുത്ത് കിട്ടിയ അവസരത്തില്‍ റൊണാള്‍ഡോയുടെ വ്യക്തിഗത മികവില്‍ മാത്രം ഊന്നി വിജയിച്ചു കയറാനാണ് പോര്‍ച്ചുഗല്‍ ശ്രമിച്ചത്.
2015 ജനുവരി ഒന്ന് മുതലുള്ള കണക്കെടുപ്പില്‍ ഈ ലോകകപ്പില്‍ കളിക്കുന്ന 32 സംഘങ്ങളില്‍ ഏറ്റവും കുറച്ചു ഗോള്‍ വഴങ്ങിയ ടീം എങ്ങനെ മൊറോക്കോ ആയി എന്നതിന് പോര്‍ച്ചുഗലിന് എതിരായ മത്സരം സാക്ഷ്യം പറയും. സ്വയം മറന്നു ആക്രമിക്കുക മാത്രമല്ല, പിഴവില്ലാത്ത പ്രതിരോധം ഒരുക്കാനും പോര്‍ച്ചുഗീസ് താരങ്ങളെ നന്നായി മാര്‍ക്ക് ചെയ്തു ക്ലോസ്ഡൌണ്‍ ചെയ്യാനും മൊറോക്കോ നിരന്തരം ശ്രദ്ധയൂന്നി. അതുകൊണ്ട് തന്നെ റൊണാള്‍ഡോ അടങ്ങുന്ന പോര്‍ച്ചുഗീസ് മുന്നേറ്റ നിര സ്വന്തം പകുതിയിലെ നിരന്തര ആക്രമണങ്ങള്‍ കണ്ടു നില്‍ക്കേണ്ടി വന്നു. ലോകഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്നും റഷ്യന്‍ ലോകകപ്പിലെ നാലാം ഗോളും പിറന്നില്ലായിരുന്നു എങ്കില്‍ പോര്‍ച്ചുഗല്‍ നാണം കെട്ടേനെ.
സ്പെയിനെതിരേ ഹാട്രിക്കുമായി പോര്‍ച്ചുഗലിനെ മുന്നില്‍ നിന്നും നയിച്ച റൊണാള്‍ഡോ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ കണ്ടെത്തിയതോടെ മൊറാക്കോയ്ക്ക് എതിരെ നാലാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗല്‍ 1-0 ന് മുന്നില്‍ എത്തി.കോർണറിൽനിന്നും ജാവോ മൌട്ടീഞ്ഞോ ഉയർത്തിവിട്ട പന്തിൽ പറന്നുതലവച്ചാണ് ക്രിസ്റ്റ്യാനോ ലോകകപ്പുകളിലെ തന്‍റെ ഏഴാം ഗോള്‍ കണ്ടെത്തിയത്. റൊണാൾഡോയുടെ ഗോൾ ഒഴിച്ചുനിർത്തിയാൽ കളത്തിൽ മൊറോക്കോ ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് മൈതാനത്ത്. പന്ത് കൈവശം വയ്ക്കുന്നതിലും ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിലും മൊറോക്കോ തന്നെയായിരുന്നു മുന്നിൽ.
പോര്‍ച്ചുഗല്‍ കളിയുടെ ഗതിവേഗം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാം മൊറാക്കോ പന്തു റാഞ്ചി വേഗതയേറിയ പ്രത്യാക്രമണങ്ങള്‍ നെയ്യാന്‍ ശ്രമിച്ചത് കളിയുടെ രസനിരപ്പ് ഉയര്‍ത്തി. മുപ്പത്തിയൊന്‍പതാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ ലീഡ് വര്‍ദ്ധിപ്പിക്കേണ്ടത് ആയിരുന്നു. ബോക്സിനു അഞ്ചുവാര അകലെ നിന്നും റൊണാള്‍ഡോ നെഞ്ചില്‍ നിയന്ത്രിച്ചു നീട്ടിയ പന്ത് ഗൂഡസ് ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ ഗോള്‍ വലയിലേക്ക് തിരിച്ചു വിട്ടെങ്കിലും മൊറോക്കന്‍ ഗോളി എല്‍ കജൌയി ഒറ്റക്കൈ കൊണ്ട് പന്തിന്‍റെ ലക്ഷ്യം വ്യതിചലിപ്പിച്ചു. മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ 61 ശതമാനം പന്തു കൈയ്യില്‍ വെക്കുകയും പോര്‍ച്ചുഗലിനേക്കാള്‍ ഒരു ഗോള്‍ ശ്രമം കൂടുതല്‍ നടത്തുകയും ചെയ്ത (4) മൊറോക്കോ ഒരുപടി മുന്നില്‍ തന്നെയായിരുന്നു.
രണ്ടാം പകുതിയില്‍ മൊറോക്കോ കുറെക്കൂടി എകപക്ഷീയമായി മത്സരം നിയന്ത്രിച്ചു. തകർപ്പൻ പോരാട്ടവുമായി കളം നിറയുമ്പോഴും സമനില ഗോൾ മൊറോക്കോയ്ക്ക് മാത്രം അകലെയായി. എണ്‍പത്തിമൂന്നാം മിനിറ്റില്‍ ബോക്സിനു പുറത്ത് നിന്നും ഫ്രീകിക്ക് കിട്ടിയെങ്കിലും സ്പെയിനെതിരായ മത്സരത്തിലെ മാസ്മരീക ഫ്രീകിക്ക് ഗോള്‍ ആവര്‍ത്തിക്കാന്‍ ക്രിസ്റ്റ്യാനോക്ക് ആയില്ല. `കണക്കുകളിലേക്ക് കണ്ണോടിച്ചാല്‍ മൊറോക്കോ എത്രമാത്രം കളത്തില്‍ അപകടകാരികള്‍ ആയിരുന്നു എന്ന് വ്യക്തം. കളി ജയിച്ച പോര്‍ച്ചുഗല്‍ മൂന്നു ലക്ഷ്യം കണ്ട ഗോള്‍ അവസരങ്ങള്‍ തുറന്നെടുത്തപ്പോള്‍ മൊറോക്കോ ഒന്‍പതു എണ്ണമാണ് എതിര്‍ വലയിലേക്ക് തൊടുത്തത്. ഒന്നും വലതൊട്ടില്ലെന്നു മാത്രം. രണ്ടു കളികളില്‍ നിന്നും നാലു പോയിന്‍റ് ഉള്ള പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി, രണ്ടിലും തോറ്റ മൊറോക്കോ സ്പെയിനെതിരായ മത്സരത്തിന് മുന്‍പേ തന്നെ ഏറെക്കുറെ നാട്ടിലേക്ക് മടങ്ങും എന്ന് ഉറപ്പാകുകയും ചെയ്തു.