കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി പാലക്കാട് രൂപത ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് ചുമതലയേറ്റു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ചുമതലയേറ്റത്. വത്തിക്കാനില്‍ നിന്നുള്ള നേരിട്ടുള്ള നിയമനം വഴിയാണ് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് അപ്പോസ്തലിക് അഡ്മിസ്ട്രേറ്ററായത്.
മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ ഫാ.ആന്റണി കൊള്ളന്നൂര്‍ നിയമന ഉത്തരവും പരിഭാഷ അതിരൂപതാ പ്രോ വൈസ് ചാന്‍സലര്‍ ഫാ.ജോസ് പൊള്ളയിലും വായിച്ചു. പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രിയുടെ സന്ദേശം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ വായിച്ചു. ചുമതലയേറ്റ ചടങ്ങുകള്‍ക്ക് ശേഷം ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും നടന്നു.
അതിരൂപതയ്ക്ക് അടുത്തകാലത്തുണ്ടായ പേരുദോഷം മാറ്റുകയാണ് തന്റെ ദൗത്യമെന്ന് ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. അതിരൂപതയ്ക്ക് പൂര്‍വികര്‍ സമ്പാദിച്ചുതന്ന സല്‍പേര് അടുത്ത കാലത്ത് നഷ്ടമായി. അത് തിരിച്ചുപിടിക്കുകയെന്ന ദൗത്യമാണ് എനിക്കുള്ളത്. അതിന് എല്ലാവരുടെയും സഹായ-സഹകരണങ്ങള്‍ ആവശ്യമാണ്-ബിഷപ്പ് മനത്തോടത്ത് പറഞ്ഞു.
താന്‍ അഡ്മിനിസ്ട്രേറ്ററാകുന്ന വിവരം അറിഞ്ഞ് വലിയ പിന്തുണയാണ് പിതാക്കന്‍മാരും സഭാവിശ്വാസികളും നല്‍കുന്നതെന്നും അതില്‍ അതിയായ കൃതജ്ഞതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്മിനിസ്ട്രേറ്റര്‍ നിയമനത്തിനു മുമ്പ് വത്തിക്കാനില്‍ നിന്നും തന്നോട് ആലോചിച്ചിരുന്നില്ലെന്നും നിയമന ഉത്തരവ് അറിയിച്ചപ്പോള്‍ സ്വീകരിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
അതിരൂപതയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ചാണു ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ മനത്തോടത്തിനെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത്. പാലക്കാട് രൂപതയുടെ മെത്രാനെന്ന നിലവിലെ ചുമതലയും അദ്ദേഹം വഹിക്കും.