കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനു നേരെ ഫെയ്‌സ് ബുക്ക് ലൈവിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഡല്‍ഹിയില്‍ പിടിയിലായ കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായരെ (48) കൊച്ചിയിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്നും ഡല്‍ഹി-തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സിപ്രസില്‍ ഇന്നു പുലര്‍ച്ചെ മുന്നോടെയാണ് സെന്‍ട്രല്‍ സി.ഐ എ. അനന്തലാലിന്റെ നേതൃത്വത്തില്‍ പ്രതിയെ കൊച്ചിയില്‍ എത്തിച്ചത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായ കൃഷ്ണകുമാര്‍ നായരെ വെള്ളിയാഴ്ചയാണ് കേരള പൊലീസിനു വിട്ടുകൊടുത്തത്. പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച പ്രൊഡക്ഷന്‍ വാറന്‍ഡിനെത്തുടര്‍ന്നാണ് പ്രതിയെ വിട്ടു കിട്ടിയത്. ട്രെയില്‍ മാര്‍ഗം വെള്ളിയാഴ്ച രാത്ര 11 ഓടെയാണ് പ്രതിയുമായി പൊലീസ് സംഘം കൊച്ചിയിലേക്കു യാത്രതിരിച്ചത്.
അബുദാബിയില്‍ എണ്ണക്കമ്പനിയില്‍ ജീവനക്കാരാനായ ഇയാള്‍ ജൂണ്‍ അഞ്ചിനാണു ഫേയ്‌സ്ബുക്ക് വീഡിയോയിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. നാട്ടിലേക്കുള്ള യാത്രാമധ്യേ കഴിഞ്ഞ 14 ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ എയര്‍പോര്‍ട്ട് അഥോറിറ്റി ജീവനക്കാര്‍ തടഞ്ഞുവച്ച ശേഷം ഡല്‍ഹി പൊലീസിനു കൈമാറുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരേ ഭീഷണി മുഴക്കിയതിന് പിന്നാലെ അബുദാബിയിലെ ജോലിയും ഇയാള്‍ക്ക് നഷ്ടപ്പെട്ടു.