മോസ്‌കോ: കാര്യമായ മുന്നേറ്റങ്ങള്‍ ഒന്നുമില്ലാതെ ഫ്രാന്‍സ് ഡെന്‍മാര്‍ക്ക് പോരാട്ടത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. റിസര്‍വ് താരങ്ങളെയെല്ലാം ആദ്യ ഇലവിനില്‍ ഇറക്കി മിഡ്ഫീല്‍ഡിന് പ്രാധാന്യം നല്‍കിയാണ് ഫ്രാന്‍സ് കളിച്ചത്. ആദ്യ 25 മിനിറ്റില്‍ കാര്യമായ ഒരു മുന്നേറ്റവും ഇരുഭാഗത്ത്നിന്നുമുണ്ടായില്ല.
44-ാം മിനിറ്റില്‍ ഒളിവര്‍ ജിറൂഡ് ഒരു തുറന്ന അവസരം പാഴാക്കി. ഗ്രീസ് മാന്‍ ഡാനിഷ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ നല്‍കിയ പാസ് പോസ്റ്റില്‍ ഏകനായി നില്‍ക്കുയായിരുന്ന ജിറൂഡ് പോസ്റ്റിന് മുകളിലൂടെ അടിച്ചുകളഞ്ഞു.
ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഫ്രാന്‍സിന്റെ പോരാട്ടം ഇന്ന് ഗ്രൂപ്പ് ചാമ്പ്യന്‍പട്ടം അരക്കിട്ട് ഉറപ്പിക്കുന്നതിനാണ്. എതിരാളികളായ ഡെന്‍മാര്‍ക്കിനാകട്ടെ ഇന്ന് ജയിച്ചിച്ചില്ലെങ്കില്‍ അവരുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതക്ക് മങ്ങലേല്‍ക്കും. ഓസ്‌ട്രേലിയ- പെറു മത്സര വിധി കൂടി ആശ്രയിക്കേണ്ടി വരും അവര്‍ക്ക്.
ഫ്രാന്‍സിനോട് സമനില പിടിച്ചാലും ഡെന്‍മാര്‍ക്കിന് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ഇരുടീമുകളും ടൂര്‍ണ്ണമെന്റില്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. ലോകപ്പില്‍ ഇരുവരും മുമ്പ് രണ്ടുതവണ ഏറ്റുമുട്ടിയപ്പോള്‍ ഓരോ വിജയം നേടി തുല്യരായി നില്‍ക്കുകയാണ് എന്നതിനാല്‍ ഇന്നത്തെ മത്സരത്തിന് വീറും വാശിയും കൂടും.