സെന്‍റപീറ്റേഴ്സ്ബര്‍ഗ് : 2014 ലെ ലോകകപ്പില്‍ പോര്‍ട്ട് അലെഗ്രെയില്‍ ഒപ്പത്തിനൊപ്പം പൊരുതിയ നൈജീരിയക്കെതിരെ വിജയ ഗോള്‍ നേടിയ മാര്‍ക്കസ് റോഹോ റഷ്യയിലും അര്‍ജന്റീനയുടെ രക്ഷകനായി. എന്നും അര്‍ജന്റീന എന്ന വന്‍ വൃക്ഷത്തിന് മുന്നില്‍ ലോകകപ്പ് വേദികളില്‍ പൊരുതി വീഴുന്ന പതിവ് മാറ്റിയെഴുതാന്‍ നൈജീരിയക്ക് കഴിയാതെ പോയപ്പോള്‍ 2-1 ന് ആഫ്രിക്കന്‍ ടീമിനെ തോല്‍പ്പിച്ച് ലയണല്‍ മെസിയും കൂട്ടരും അവസാന പതിനാറിലേക്ക് ടിക്കറ്റ് എടുത്തു. ലയണല്‍ മെസിയിലൂടെ ആദ്യ പകുതിയില്‍ മുന്നിലെത്തിയ ശേഷം വിക്ടര്‍ മോസസിന്‍റെ പെനാല്‍റ്റിയിലൂടെ സമനില വഴങ്ങിയ അര്‍ജന്റീനക്കായി എണ്‍പത്തിയാറാം മിനിറ്റിലാണ് ഫസ്റ്റ് ടൈം ഷോട്ടിലൂടെ രോഹോ വിജയം സമ്മാനിച്ചത്. അര്‍ജന്റീനയ്ക്ക് ഫ്രാന്‍സ് ആണ് പ്രീക്വാര്‍ട്ടര്‍ എതിരാളികള്‍.
രോഹോയുടെ ഗോള്‍ വരും വരെ അര്‍ജന്റീന റഷ്യന്‍ ലോകകപ്പില്‍ നിന്നും പുറത്തേക്കുള്ള വഴിയില്‍ തന്നെ ആയിരുന്നു. സമനില വഴങ്ങിയാല്‍ ക്രോയേഷ്യക്ക് ഒപ്പം നൈജീരിയ ഗ്രൂപ്പില്‍ നിന്നും പ്രീ ക്വാര്‍ട്ടറില്‍പോകുമെന്ന് തിരിച്ചറിഞ്ഞ അര്‍ജന്റീന കളിയുടെ അവസാന പാദത്തില്‍ മെസി, ഹിഗ്വയിന്‍, അഗ്വേര എന്നിങ്ങനെ മൂന്നു ഫോര്‍വേഡുകളുമായിട്ടാണ് ആക്രമണം കനപ്പിച്ചത്. അതിന്‍റെ ഫലമായിരുന്നു റോഹോയുടെ ഗോള്‍. ഇതിനിടെ അര്‍ജന്റൈന്‍ ബോക്സില്‍ പന്തിനായി ഉയര്‍ന്നു ചാടവേ റോഹോയുടെ കൈയ്യില്‍ പന്തു തട്ടിയെങ്കിലും വി.എ.ആറിന്‍റെ സഹായം തേടിയ റഫറി പെനാല്‍റ്റി അനുവദിക്കാതെ പോയത് നൈജീരിയയ്ക്ക് ഭാഗ്യക്കേടായി. ഫലം, കഴിഞ്ഞ നാല് ലോകകപ്പ് മുഖാമുഖങ്ങളിലും അര്‍ജന്റീനയോട് പരാജയപെട്ട ചരിത്രം നൈജീരിയ ആവര്‍ത്തിച്ചു. ഗ്രൂപ്പില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി ക്രോയേഷ്യയും നാല് പോയിന്‍റുമായി അര്‍ജന്റീനയും മുന്നേറിയപ്പോള്‍ മൂന്നു പോയിന്‍റ് ഉള്ള നൈജീരിയയും ഒരുപോയിന്‍റ് ഉള്ള ഐസ്ലാണ്ടും പുറത്ത് പോയി.
നേരത്തെ മെസിയുടെ ഗോളിലൂടെ മുന്‍തൂക്കം നേടിയ അര്‍ജന്റീനയെ പ്രതിരോധത്തില്‍ ഹാവിയര്‍ മഷരാനോ കാട്ടിയ പിഴവ് മുതലെടുത്താണ് നൈജീരിയ ഒപ്പം പിടിചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന അര്‍ജന്റീനയ്ക്ക് അന്‍പത്തിയൊന്നാം മിനിറ്റില്‍ ബാല്‍ഗനെ പെനാല്‍റ്റി ബോക്സില്‍ മഷരാനൊ വലിച്ചിട്ടതിന് അനുവദിച്ച പെനാല്‍റ്റിയാണ് തിരിച്ചടി ആയത്. കിക്ക് എടുത്ത വിക്ടര്‍ മോസസ് പിഴവുകള്‍ ഇല്ലാതെ വല കുലുക്കിയപ്പോള്‍ അര്‍ജന്റീന ആദ്യ പകുതിയിലെ മുന്‍തൂക്കത്തിന് ശേഷം സമ്മര്‍ദത്തിലേക്ക് വഴുതിവീണു.
അര്‍ജന്റീനയും റഷ്യന്‍ ലോകകപ്പും പ്രതീക്ഷിച്ചിരുന്ന നിമിഷം മെസിയുടെ ബൂട്ടില്‍ നിന്നും വന്നതിലൂടെയാണ് അര്‍ജന്റീന ആദ്യ പകുതിയില്‍ മുന്‍തൂക്കം നേടിയത്. കളിയുടെ പതിനാലാം മിനിറ്റില്‍ തന്നെയാണ് മെസിയുടെ ബൂട്ടില്‍ നിന്നും ഗോള്‍ വന്നത്. റഷ്യന്‍ ലോകകപ്പിലെ നൂറാം ഗോള്‍ ആണ് മെസിയുടെത്.2006, 2014 , 2018 ലോകകപ്പുകളില്‍ സ്കോര്‍ ചെയ്തതോടെ മെസി മൂന്നു ലോകകപ്പുകളില്‍ സ്കോര്‍ ചെയ്ത ഡീഗോ മറഡോണ, ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട എന്നിവരുടെ നേട്ടത്തിന് അടുത്തെത്തി. മെസിയുടെ ലോകകപ്പ് ചരിത്രത്തിലെ ആറാം ഗോള്‍ ആണിത്.
ആദ്യ രണ്ടു മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി തന്നെ ചൂഴ്ന്നു നിന്ന സമ്മര്‍ദത്തെ തൊഴിച്ചെറിഞ്ഞു മെസി പന്തു തട്ടിയതോടെ നൈജീരിയന്‍ ഗോള്‍ മുഖത്തു ഒന്നിന് പിന്നാലെ ഒന്നായി അര്‍ജന്റീന അവസരങ്ങള്‍ തുറന്നെടുത്തു.കഴിഞ്ഞ ലോകകപ്പില്‍ നൈജീരിയക്ക് എതിരെ ഇരട്ട ഗോള്‍ നേടിയ മെസി ആ ഗോള്‍ സ്കോറിംഗ് മികവു ആവര്‍ത്തിച്ചു. മധ്യ വരയ്ക്ക് അടുത്തുനിന്ന് എവര്‍ ബനേഗ നീട്ടിയ പന്തു കാല്‍ത്തുടകൊണ്ട് നിയന്ത്രിച്ച് വലങ്കാലന്‍ ഷോട്ടിലൂടെയാണ് മെസി നൈജീരിയന്‍ വല പിളര്‍ന്നത്. മുപ്പത്തിമൂന്നാം മിനിറ്റില്‍ മെസി വീണ്ടും ഗോളിന് അടുത്തെത്തി. മരിയയെ ബാല്‍ഗന്‍ ബോക്സിനു പുറത്ത് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് എടുത്തത് മെസി. ഇടംകാല്‍ കൊണ്ട് മെസി തൊടുത്ത ഷോട്ട് നൈജീരിയന്‍ ഗോള്‍കീപ്പര്‍ ഊഹോയെ കീഴടക്കിയെങ്കിലും പോസ്റ്റില്‍ തട്ടി തെറിച്ചു.
നൈജീരിയയക്ക് എതിരായ മത്സരത്തില്‍ മുന്നേറ്റ നിരയില്‍ നിന്നും അഗ്വേരയെ അര്‍ജന്റീന ഒഴിവാക്കിയിരുന്നു. ആദ്യ രണ്ടു മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗോണ്‍സാലോ ഹിഗ്വയിന്‍ ആണ് മെസിക്കൊപ്പം മുന്നേറ്റനിരയില്‍ കൂട്ടാളിയായത്. ക്രോയേഷ്യക്ക് എതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഇടംപിടിക്കാതെ പോയ എവര്‍ ബനേഗ, ഏയ് ഞ്ച്ല്‍ ഡി മരിയ, വിംഗ് ബാക്ക് മാര്‍ക്കസ് റോജോ എന്നിവരും ആദ്യ ഇലവനില്‍ എത്തി. ക്രോയേഷ്യക്ക് എതിരെ ഗോള്‍ വലയ്ക്ക് കീഴില്‍ പരാജയപെട്ട കാബെല്ലാരോയെ മാറ്റി അര്‍മാനിയെ ഇറക്കി.
നൈജീരിയയ്ക്ക് എതിരായ ടീം തിരഞ്ഞെടുപ്പ് ഹാവിയര്‍ മഷരാനോവും മെസിയും അടങ്ങുന്ന സീനിയര്‍ താര നിരയാണ് ചെയ്തത്. മഷരാനോയും ക്രിസ്ത്യന്‍ പാവോണും ക്രൊയേഷ്യയ്ക്ക് എതിരായ മത്സരത്തിന് ശേഷം പരസ്പരം കലഹിക്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തിയതോടെയാണ് സംപോളി ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയത്.സംപോളിക്ക് എതിരായ മുതിര്‍ന്ന താരങ്ങളുടെ നിലപാടിനെ ചൊല്ലിയാണ് പാവോണും മഷരാനോയും കലഹിച്ചത്.ടീമിന്റെ ആത്മവിശ്വാസവും ഒത്തിണക്കവും തിരികെ കൊണ്ട് വരുന്നതിനാണ് മഷരാനോയുടെ നിര്‍ദേശ പ്രകാരം ആദ്യ ഇലവന്‍ തീരുമാനിച്ചത്.