ലഖ്‌നോ: ബി.ജെ.പി സര്‍ക്കാറിന് മുന്നില്‍ കീഴടങ്ങുന്നതിലും നല്ലത് മരണമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. കാലിത്തീറ്റ കുംഭകോണക്കേസില്‍ വിധി വന്നതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. സാമുഹ്യ നീതിക്കും തുല്യതക്കും വേണ്ടി ബലിയാടാകേണ്ടി വന്നതില്‍ സന്തോഷമുണ്ടെന്നും ലാലു പറഞ്ഞു.
കുംഭകോണവുമായി ബന്ധപ്പെട്ട് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണ് മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണമെന്ന് ശിക്ഷ വിധിച്ചത്. ഇന്നലെ, ലാലു ഉള്‍പ്പെടെ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ വാദം വിഡിയോ കോണ്‍ഫറന്‍സിലൂടെ കേട്ട ജഡ്ജി വിധി പറയാനായി ഇന്നേയ്ക്കു മാറ്റുകയായിരുന്നു. ലാലു ഉള്‍പ്പെടെ 16 പേര്‍ കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞമാസം 23നു കണ്ടെത്തിയിരുന്നു.
അതേസമയം ലാലുവിനെതിരെ മോദി സര്‍ക്കാറും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഗൂഢാലോചന നടത്തിയതാണെന്ന് മകന്‍ തേജസ്വി യാദവ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ബി.ജെ.പിക്ക് വഴങ്ങാന്‍ ലാലു തയാറായിരുന്നുവെങ്കില്‍ അദ്ദേഹം സത്യസന്ധനായ വ്യക്തിയായി മാറുമായിരുന്നെന്നും തേജസ്വി പറഞ്ഞിരുന്നു.