ഇസ്ലാമാബാദ്: ഭീകരർക്ക് സഹായം നൽകുന്നത് തുടരുന്നുവെന്ന് ആരോപിച്ച് യു.എസ് സഹായം നിർത്തിവെച്ചതിനു പിന്നാലെ നടപടികളുമായി പാകിസ്താൻ. മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സഇൗദിന്റെ ജമാഅത്തുദ്ദഅ്വ, ഫലാഹെ ഇൻസാനിയത്ത് എന്നിവ ഉൾപ്പെടെ 72 സംഘടനകളെ കരിമ്പട്ടികയിൽപ്പെടുത്തി. പാക് ആഭ്യന്തര മന്ത്രാലയമാണ് നിരോധിത സംഘടനകളുടെ പട്ടിക പുറത്തുവിട്ടത്.
ഇവയെ സാമ്പത്തികമായോ മറ്റുനിലക്കോ സഹായിക്കുന്നത് ഒഴിവാക്കണമെന്നും നിയമവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്നും വാർത്തക്കുറിപ്പിൽ നിർദേശം നൽകിയിട്ടുണ്ട്. ഇൗ സംഘടനകളുടെ ഫണ്ട് ശേഖരണം മാത്രമല്ല, സാമൂഹിക, ജനക്ഷേമ, രാഷ്ട്രീയ, മതപരമായ പ്രവർത്തനങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.