കൊച്ചി: അമ്മയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കെതിരേ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ ഖേദം പ്രകടിപ്പിച്ചു. മുതിര്‍ന്ന അംഗങ്ങള്‍ക്ക് വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലല്ല പ്രതികരിച്ചത്, എന്റെ പരാമര്‍ശം തെറ്റിദ്ധരിപ്പിച്ചുവെന്നും കമല്‍ പറഞ്ഞു. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത വിഷയത്തില്‍ പ്രതികരണത്തിനില്ലെന്നും സംഘടനയില്‍നിന്നു രാജിവെച്ച നടിമാര്‍ക്കൊപ്പമാണു താനെന്നും കമല്‍ ആവര്‍ത്തിച്ചു.
മലയാള സിനിമ ആവിഷ്‌കാരത്തിലും തൊഴിലിടത്തിലും സ്ത്രീവിരുദ്ധമാണെന്നും അമ്മയുടെ ഔദാര്യത്തിനായി താരങ്ങള്‍ കൈനീട്ടിനില്‍ക്കുന്നുവെന്നുമായിരുന്നു കമലിന്റെ പരാമര്‍ശം. താരസംഘടനയിലെ നിര്‍ഗുണന്‍മാരോട് എന്തു പറഞ്ഞിട്ടും കാര്യമില്ലാത്തതുകൊണ്ടാണു മിണ്ടാതിരിക്കുന്നത്. 35 വര്‍ഷത്തെ അനുഭവംകൊണ്ടു തിരിച്ചറിഞ്ഞതാണിത്. 500 അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേരേ സജീവമായി അഭിനയരംഗത്തുള്ളൂ. അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരും കൈനീട്ടുന്നവരുമാണെന്ന് കമല്‍ പറഞ്ഞു.
പരാമര്‍ശം വിവാദമായതോടെ ചലച്ചിത്രതാരങ്ങളായ മധു, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി ലളിത, ജനാര്‍ദ്ദനന്‍ എന്നിവര്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന് പരാതി നല്‍കി. അവകാശത്തെ ഔദാര്യമായി കാണുന്നയാള്‍ അക്കാദമി തലപ്പത്തിരിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് താരങ്ങള്‍ പറഞ്ഞു. എ.എം.എം.എയുടെ കൈനീട്ടം ഔദാര്യമല്ല, സ്‌നേഹസ്പര്‍ശമാണെന്നും പരാതിയില്‍ താരങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.