റോസ്തോവ് അരീന : രണ്ടു ഗോള്‍ പിന്നില്‍ നിന്ന ശേഷം വിജയത്തിലേക്ക് കുതിച്ചുയരുക…ലോകകപ്പ് ചരിത്രത്തില്‍ നോക്ക്ഔട്ട് പോരാട്ടങ്ങളില്‍ 1970 ല്‍ മാത്രം അവസാനമായി സംഭവിച്ച , 54 ലെ ലോകകപ്പ് ഫൈനലിനെ മിറാക്കിള്‍ ഓഫ് ബേണ്‍ ആക്കി മാറ്റിയ , ആ വീരോചിത പോരാട്ട കഥ റോസ്തോവ് അരീനയില്‍ ആവര്‍ത്തിച്ച് ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ഈ ലോകകപ്പിലെ വമ്പന്‍ അട്ടിമറികളില്‍ ഒന്ന് സ്വപ്നം കണ്ട ജപാനെ പകരക്കാരായി ഇറങ്ങിയ രണ്ടു താരങ്ങളുടെ ഗോളുകളിലൂടെ 3-2 ന് തോല്‍പ്പിച്ചാണ് ബെല്‍ജിയം ക്വാര്‍ട്ടറില്‍ എത്തിയത്. ബ്രസീല്‍ ആണ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ എതിരാളികള്‍. ജപ്പാന്‍റെ ആദ്യ ക്വാര്‍ട്ടര്‍ മോഹമാണ് ബെല്‍ജിയത്തിന്റെ സ്വപ്ന തുല്യമായ തിരിച്ചുവരവില്‍ തകര്‍ന്നത്.

ആദ്യ പകുതിയില്‍ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തിന്‍റെ അന്‍പത്തി മൂന്നു മിനിട്ടുകള്‍ പിന്നിടുമ്പോള്‍ തന്നെ ജപ്പാന്‍ രണ്ടു ഗോളിന് ലീഡ് എടുത്തിരുന്നു. ഫലത്തില്‍ ബെല്‍ജിയം ഒരു അത്ഭുത പോരാട്ടം നടത്തിയാല്‍ മാത്രം ക്വാര്‍ട്ടര്‍ സ്വപ്നം കാണാവുന്ന നില. 1970 ലെ മെക്സിക്കന്‍ ലോകകപ്പില്‍ മാത്രം അവസാനമായി സംഭവിച്ച ഒന്നാണ് റോസ്തോവ് അരീന ബെല്‍ജിയത്തില്‍ നിന്നും ആവശ്യപെട്ടത്. 49 ആം മിനിറ്റില്‍ ഇംഗ്ലണ്ടിനോട് രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം ബെക്കന്‍ബോവര്‍, ഉവൈ സീലര്‍, ഗ്രേഡ് മുള്ളര്‍ എന്നിവരുടെ ഗോളുകളിലൂടെ അധിക സമയത്ത് ജയം കവര്‍ന്ന വെസ്റ്റ് ജര്‍മനിയുടെ പോരാട്ടം ബെല്‍ജിയം ആവര്‍ത്തിച്ചു. പകരക്കാരായി ഇറങ്ങിയ ഫെല്ലിനിയും ചാഡ്‌ലിയും ഗോളുകള്‍ നേടിയതാണ് കളിയുടെ ഗതി തിരിച്ചത്. അവസാന വിസില്‍ മുഴങ്ങുന്നതിനു തൊട്ടു മുന്‍പ് ചാഡ്‌ലി ജാപനീസ് ഗോള്‍കീപ്പര്‍ കവാഷിമയെ കീഴടക്കിയപ്പോള്‍ ഒന്ന് ശ്വാസം വിടാന്‍ പോലുമുള്ള സമയം ജപ്പാന് പിന്നെ ലഭിച്ചില്ല. 1954 ലെ ലോകകപ്പ് ഫൈനലില്‍ രണ്ടു ഗോളിന് മുന്നില്‍ നിന്ന ശേഷം ഹംഗറിയെ വെസ്റ്റ് ജര്‍മനി 3-2 ന് തോല്‍പ്പിച്ച മിറാക്കിള്‍ ഓഫ് ബേണ്‍ എന്നറിയപെട്ട മത്സരം അടക്കം ആറു വട്ടം മാത്രം ലോകകപ്പില്‍ കണ്ട ഒന്നാണ് റോസ്തോവില്‍ കണ്ടത്.

കളി കൈവിട്ടു എന്ന നിലയില്‍ നിന്നും ജാപാനീസ് പ്രതിരോധത്തിന്‍റെ അലസ ക്ലിയറന്‍സ് മുതലെടുത്താണ് ബെല്‍ജിയം റോസ്തോവ് അരീനയില്‍ തിരികെ വരവിന്‍റെ ലക്ഷണം കാട്ടിയത്. ബോക്സിന്‍റെ ഇടതു മൂലയില്‍ നിന്നും നിരുപദ്രവകരം എന്ന് പ്രത്യക്ഷത്തില്‍ തോന്നിയ വേര്‍ട്ടോഗന്‍റെ ഹെഡറിലൂടെ ആദ്യ ഗോള്‍ മടക്കിയ ബെല്‍ജിയം തൊട്ടു പിന്നാലെ തന്നെ പകരക്കാരനായി ഇറങ്ങിയ മൌരോണ്‍ ഫെല്ലിനിയുടെ ഹെഡറിലൂടെ സമനില നേടി.കളം നിറഞ്ഞു കളിച്ച ബെല്‍ജിയത്തിന്റെ വലയില്‍ രണ്ടാം പകുതിയില്‍ രണ്ടുവട്ടം പന്തെത്തിച്ച് ജപ്പാന്‍ അട്ടിമറിയുടെ സൂചന നല്‍കിയിരുന്നു. രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റില്‍ ജേംകി ഹരാഗുച്ചിയിലൂടെയാണ് ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍ ലീഡ് എടുത്തത്. വേഗതയേറിയ പ്രത്യാക്രമണത്തിലൂടെ ആദ്യ പകുതിയില്‍ മുതല്‍ ബെല്‍ജിയം ബോക്സില്‍ കടന്നു കയറിയ ജപ്പാന്‍ അതേ ശൈലിയില്‍ ആണ് രണ്ടാം പകുതിയില്‍ ലീഡ് എടുത്തത്. തൊട്ടു പിന്നാലെ തന്നെ ഹസാഡിന്‍റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. അന്‍പത്തിമൂന്നാം മിനിറ്റില്‍ ഇനൂയിയിലൂടെ ജപ്പാന്‍ ലീഡ് ഉയര്‍ത്തുകയായിരുന്നു.ഇനൂയിയുടെ റഷ്യയിലെ രണ്ടാം ഗോളാണിത്.

ബെല്ജിയത്തിന്റെ പുകള്‍പെറ്റ ഫുട്ബോള്‍ സംഘത്തെ ഭയക്കാതെ സമനില കുരുക്ക് നല്‍കിയാണ് ജപ്പാന്‍ ആദ്യ പകുതിയില്‍ നിറഞ്ഞത്. പത്തു ഗോള്‍ശ്രമങ്ങളുമായി മനസും റോസ്തോവ് അരീനയും കീഴടക്കിയ ബെല്‍ജിയത്തെ വേഗതയേറിയ പ്രത്യാക്രമണങ്ങളിലൂടെ വിറപ്പിച്ചാണ് ജപ്പാന്‍ ആദ്യ പകുതി അവസാനിപ്പിച്ചത്. ഹസാര്‍ഡും ലുക്കാക്കുവും നയിക്കുന്ന മുന്നെറ്റത്തിലേക്ക് നിരവധി വട്ടം പന്തെത്തിയെങ്കിലും ജാപാനീസ് ഗോള്‍കീപ്പര്‍ കവാഷിമയെ നന്നായി പരീക്ഷിക്കുന്ന ഷോട്ടുകള്‍ ഒന്നും ബെല്‍ജിയം ഉതിര്‍ത്തില്ല മറുഭാഗത്ത് ജപ്പാന്‍ ആകട്ടെ ബെല്‍ജിയം ഗോള്‍ കീപ്പര്‍ ടിഗോര്‍ കോര്‍ട്ടിയോസിന്‍റെ കൈകള്‍ ചോര്‍ന്നത് അടക്കം എതിര്‍ ബോക്സില്‍ അപകടം വിതയ്ക്കുകയും ചെയ്തു.

