കോട്ടയം: ചങ്ങനാശ്ശേരിയിൽ ആത്മഹത്യ ചെയ്ത സുനിലിന് മർദനമേറ്റിട്ടില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ദമ്പതികളുടെ പോസ്റ്റ്മോർട്ടം പരിശോധന കോട്ടയം മെഡിക്കൽ കോളേജിൽ പുരോഗമിക്കുന്നു. സിപിഎം കൗൺസിലറുടെ പീഡനമാണ് മരണത്തിന് കാരണമെന്ന് ദമ്പതികളുടെ ആത്മഹത്യാകുറിപ്പിൽ ആരോപിക്കുന്നു.
സുനിലിന്‍റെ ശരീരത്ത് ഒടിവോ ചതവോ ഏറ്റിട്ടില്ലെന്നാണ് ചങ്ങനാശ്ശേരി തഹസിൽദാർ ജിയോ ടി മനോജിന്‍റെ സാന്നിധ്യത്തിൽ നടന്ന ഇൻക്വസ്റ്റ് പരിശോധനയിൽ കണ്ടെത്തിയത്. മർദ്ദനമേറ്റ പാടുകൾ ശരീരത്തിൽ ഒരിടത്തുമില്ല. എന്നാൽ അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുംവരെ പൊലീസ് കാത്തിരിക്കുകയാണ്. ആന്തരാവയവങ്ങൾക്ക് ക്ഷതം ഏറ്റിട്ടുണ്ടോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ അറിയാനാകൂ. ഇതിടെ ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ മോർച്ചറിക് മുന്നിൽ പ്രതിഷേധിച്ചു. തുടർന്ന് പാലാ ആർഡിഒയെ വിളിച്ച് വരുത്തി.
സംഭവത്തിൽ പോലീസിന് വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബഹറ പറഞ്ഞു. സജികുമാറിന്‍റെ കടയിൽ നിന്നും 100 ഗ്രാം സ്വർണം എടുത്തെന്നും എന്നാൽ ഈ സ്വർണം തിരിച്ച് നൽകാൻ പണമില്ലെന്നും മരിച്ച രേഷ്മയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സജികുമാർ ആരോപിക്കുന്നത് പോലെ 50 പവൻ സ്വർണം എടുത്തിട്ടില്ല. പൊലീസ് മർദ്ദിച്ചപ്പോൾ സ്വർണം എടുത്തെന്ന് എഴുതിക്കൊടുക്കേണ്ടി വന്നെന്നാണ് കുറിപ്പിലെ ആരോപണം. ആരോപണം സജി കുമാർ നിഷേധിച്ചു.
പൊലീസിന്‍റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വോഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. സ്വർണം മോഷ്ടിച്ചെന്ന് ദമ്പതികൾ എഴുതി നൽകിയിരുന്നുവെന്നും സിപിഎം കൗൺസിലർ സജികുമാർ പറഞ്ഞു. സ്വര്‍ണം മോഷ്ടിച്ചെന്ന പരാതിയില്‍ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷമായിരുന്നു ദമ്പതികളായ സുനിലും രേഷ്മയും ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ചങ്ങനാശ്ശേരി എസ്എൈയെ സ്ഥലംമാറ്റിയിരുന്നു.