ബാങ്കോക്: തായ്‌ലന്‍ഡിലെ ലാവോങ് ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ കോച്ചിനെയും കുട്ടികളെയും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഒരു മരണം. മുന്‍ നാവികസേന മുങ്ങല്‍വിദഗ്ധന്‍ സമണ്‍ കുനന്‍(38) ആണ് മരിച്ചത്. ഗുഹയില്‍ എയര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്‌സിജന്‍ കിട്ടാതായതോടെ അബോധാവസ്ഥയിലാകുകയായിരുന്നു. പിന്നീട് മരണത്തിന് കീഴടങ്ങി.
ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളും അവരുടെ ഫുട്ബാള്‍ കോച്ചും ആരോഗ്യത്തോടെ ഇരിക്കുന്നതായി വ്യക്തമാക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചിരിച്ചുകൊണ്ട് തങ്ങളെ ഓരോന്നായി പരിചയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
വിഡിയോയില്‍ 11 പേരെയാണ് കാണിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഗുഹയില്‍ കുടുങ്ങിപ്പോയ ഇവരെ തിങ്കളാഴ്ചയാണ് ബ്രിട്ടനിലെ നീന്തല്‍ വിദഗ്ധര്‍ കണ്ടെത്തിയത്. ക്ഷീണിച്ച് അവശരായിരുന്ന സംഘത്തിന് ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകര്‍ ഭക്ഷണവും വെള്ളവും നല്‍കുകയായിരുന്നു. പിന്നാലെ ഒരു ഡോക്ടറും നഴ്‌സുമുള്‍പ്പെടെ ഏഴ് തായ് നേവി സംഘം കുട്ടികള്‍ക്കടുത്തെത്തി.
വടക്കന്‍ തായ്‌ലന്‍ഡിലാണ് 12 കുട്ടികളും കോച്ചും കുടുങ്ങിക്കിടക്കുന്ന താം ലുവാങ് ഗുഹ. ഗുഹയുടെ ഉള്‍ഭാഗത്തെ ഘടന എങ്ങനെയാണെന്ന് അറിയാത്തതും വഴിമധ്യേയുള്ള ചെങ്കുത്തായ കുഴികളുമെല്ലാം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നവയാണ്. ഈ കുഴികളില്‍ മണ്ണും ചെളിയും നിറഞ്ഞിരിക്കുകയാണ്. ഇതിനു പുറമേയാണ് പലയിടങ്ങളിലുമുള്ള അപകടകരമായ വെള്ളക്കെട്ടുകള്‍. ഇവയൊക്കെ മറികടന്ന് കുട്ടികളെ പുറത്തെത്തിക്കണമെങ്കില്‍ സ്‌കൂബ ഡൈവിംഗിലടക്കം കുട്ടികള്‍ക്ക് പരിശീലനം നല്കിയേ മതിയാവൂ എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍, നീന്തല്‍ പോലുമറിയാത്തവരാണ് കുട്ടികളില്‍ പലരും.
ഏകദേശം പത്തു കിലോമീറ്റര്‍ നീളമുണ്ട് താം ലവാങ് ഗുഹയ്ക്ക്. ഇവയില്‍ ഏറെ ഭാഗവും ഇന്നേവരെ മനുഷ്യരാരും കടന്നു ചെല്ലാത്തതാണ്. അതിനാല്‍ത്തന്നെ ഗുഹാന്തര്‍ഭാഗത്തെ ഘടന എന്താണെന്നറിയാത്തതു രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഗുഹാകവാടത്തില്‍ നിന്ന് നാലു കിലോമീറ്റര്‍ ദൂരെയാണ് ഇപ്പോള്‍ കുട്ടികളെ കണ്ടെത്തിയിരിക്കുന്നത്. ‘പട്ടായ ബീച്ച്’ എന്നറിയപ്പെടുന്ന ഗുഹയിലെ ഇടമാണ് ഇക്കാര്യത്തില്‍ രക്ഷാപ്രവര്‍ത്തകരുടെ ‘അടയാളം’. ഗുഹയിലെ ഉയര്‍ന്ന പ്രദേശമായ ഇവിടെ നിന്ന് 400 മീറ്റര്‍ മാറിയാണ് 13 പേരുമുള്ളത്.
ഇവിടേക്കുള്ള പാതയില്‍ ചിലയിടത്ത് ചെങ്കുത്തായ കുഴികളാണ്. ഇതില്‍ വര്‍ഷങ്ങളായുള്ള മാലിന്യവും ചെളിയും കെട്ടിക്കിടക്കുകയാണ്. ഇതിലേക്കാണു വെള്ളം ഒഴുകിയെത്തുന്നതും. ചിലയിടങ്ങളില്‍ സ്‌കൂബ ഡൈവിങ് പരിശീലനത്തിലൂടെ മാത്രമേ മുന്നേറാനാകൂ. ഇതിനുള്ള പരിശീലനവും കുട്ടികള്‍ക്കു നല്‍കണം, അതും എത്രയും പെട്ടെന്നു തന്നെ. ആറു മണിക്കൂറോളമെങ്കിലും സഞ്ചരിച്ചാല്‍ മാത്രമേ കുട്ടികളുടെ അടുത്തെത്താനാകൂ. തിരികെയെത്താന്‍ കുറഞ്ഞത് അഞ്ചു മണിക്കൂറെങ്കിലും വേണം. ഓരോ കുട്ടിക്കൊപ്പവും രണ്ടു മുതല്‍ മൂന്നു വരെ ഡൈവര്‍മാരെയും ഉറപ്പാക്കണം.
അതിരൂക്ഷമായ വെള്ളക്കെട്ടുള്ള ഭാഗങ്ങള്‍ ഗുഹയിലുണ്ടെന്നാണ് ഓസ്ട്രേലിയന്‍ രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. കാഴ്ച പോലും മറയ്ക്കുന്ന ആ ചെളിവെള്ളത്തിലൂടെ യാത്ര ഏറെ ബുദ്ധിമുട്ടാണെന്നും ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് സ്പെഷലിസ്റ്റ് റെസ്പോണ്‍സ് ഗ്രൂപ്പ് തലവന്‍ തോമസ് ഹെസ്റ്റെര്‍ പറയുന്നു. തായ് നേവി രക്ഷാപ്രവര്‍ത്തനത്തിനായി തയാറാക്കിയ ഭൂപടത്തില്‍ ‘ക്രൈസിസ്’ പോയിന്റ് എന്ന ഒരിടം അടയാളപ്പെടുത്തിയിട്ടുണ്ട്. അവിടെയാണ് ഗുഹയില്‍ കുത്തനെയുള്ള കുഴികളുള്ളത്. അതിനുള്ളില്‍ നിറയെ മാലിന്യങ്ങളും ചെളിയും ആളെക്കുരുക്കുന്ന ഇടുക്കുകളുമെല്ലാമാണ്. അവയെല്ലാം വൃത്തിയാക്കേണ്ടത് അത്യാവശ്യം.