നിഷ്നി : അര്‍ജന്റീനയെ തീര്‍ത്തുകെട്ടിയ എംബാപ്പെയുടെ ബൂട്ടുകള്‍ നിശബ്ദമായ മത്സരത്തില്‍ കഴിഞ്ഞ യൂറോ കപ്പ് ഹീറോ അന്റോണിയോ ഗ്രീസ്മാന്‍ കടിഞ്ഞാണ്‍ ഏറ്റെടുത്തപ്പോള്‍ ഫ്രഞ്ച് യുവനിര റഷ്യന്‍ ലോകകപ്പിന്‍റെ സെമിഫൈനലില്‍ ഇടം നേടി. ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്കെതിരെ എന്നും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ചരിത്രം ആവര്‍ത്തിച്ച ഫ്രാന്‍സ് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഉറുഗ്വേയെ തോല്‍പ്പിച്ചത്. ഒരു ഗോള്‍ അടിക്കുകയും ഒന്നിന് നിര്‍ണായക പാസ് കൈമാറുകയും ചെയ്ത ഗ്രീസ്മാന്‍ നിറഞ്ഞാടിയപ്പോള്‍ കരിയറിലെ നൂറ്റിപന്ത്രണ്ടാം അന്താരാഷ്‌ട്ര മത്സരം കളിച്ച ഉറുഗ്വേ ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേര വലിയൊരു പിഴവിലൂടെ ദുരന്ത കഥാപാത്രമായി.
ലോകകപ്പിൽ ഇതുവരെ ഉറുഗ്വേയെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല എന്ന വമ്പന്‍ വെല്ലുവിളിയുമായാണ് ഫ്രാന്‍സ് ഇറങ്ങിയത്. മൂന്നു തവണ ഇരു ടീമുകളും മുഖാമുഖമെത്തിയപ്പോൾ ഒരു തവണ ഉറുഗ്വേ വിജയിച്ചു. രണ്ടു മൽസരങ്ങൾ സമനിലയിലായി. 1966ൽ 2–1നാണ് ഉറുഗ്വേ ജയിച്ചത്. 2002ലും 2010ലും മൽസരം സമനിലയിലായി. എന്നാല്‍ മറ്റൊരു കണക്കുണ്ടായിരുന്നു ഫ്രാന്‍സിന് സന്തോഷിക്കാന്‍. ലാറ്റിനമേരിക്കൻ ടീമുകൾക്കെതിരെ ലോകകപ്പിൽ അവസാനം കളിച്ച ഒൻപതു മൽസരങ്ങളിലും ഫ്രാൻസ് തോറ്റിട്ടില്ല. അഞ്ചെണ്ണം അവർ ജയിച്ചപ്പോൾ നാലെണ്ണം സമനിലയിൽ അവസാനിച്ചു. ലോകകപ്പിൽ അവസാനം കളിച്ച നാലു കളികളും ഉറുഗ്വേ ജയിച്ചിട്ടുണ്ട്. അതേസമയം, ഏറ്റവും ഒടുവിൽ തുടർച്ചയായി അവർ ലോകകപ്പിൽ അഞ്ചു മൽസരം ജയിച്ചത് 1950–54 കാലഘട്ടത്തിലാണ്. മാത്രമല്ല, ഒരു ലോകകപ്പിൽ തുടർച്ചയായി അഞ്ചു മൽസരം ജയിച്ച ചരിത്രം ഉറുഗ്വേയ്ക്കില്ല താനും. ആ ചരിത്രം ഉറുഗ്വേ തുടര്‍ന്നു.
മുന്‍ലോകചാമ്പ്യന്മാര്‍ പരസ്പ്പരം കരുതിയുള്ള ഫോര്‍മേഷന്‍ ആണ് ക്വാര്‍ട്ടറില്‍ കരുതിവെച്ചത്. 4-4-2 ശൈലിയില്‍ ഉറുഗ്വേ ഇറങ്ങിയപ്പോള്‍ ഫ്രാന്‍സ് 4-2-3-1 ശൈലിയില്‍ കഴിഞ്ഞ കളികളിലെ അതേ ശൈലി ആവര്‍ത്തിച്ചു. രണ്ടു ടീമുകളും ഓരോ മാറ്റങ്ങള്‍ വരുത്തി. പോര്‍ച്ചുഗലിന് എതിരായ മത്സരത്തില്‍ പരിക്കുമൂലം പുറത്തായ എഡിസൻ കവാനിക്കു പകരം ക്രിസ്റ്റ്യൻ സ്റ്റ്യുവാനി ആദ്യ ഇലവനിൽ. പോർച്ചുഗലിനെതിരെ ഇരട്ടഗോളുമായി ടീമിന് വിജയം സമ്മാനിച്ച കവാനി പകരക്കാരുടെ ബെഞ്ചിലും ഇടം നേടിയില്ല.അർജന്റീനയെ തോൽപ്പിച്ച ഫ്രഞ്ച് ടീമിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ടതിനാൽ സസ്പെൻഷൻ നേരിടുന്ന മറ്റ്യുഡിക്കു പകരം ടൊളീസ്സോ ആദ്യ ഇലവനിൽ.
പ്രതിരോധക്കാരനായ റാഫേല്‍ വരാനെയുടെ ബുള്ളറ്റ് ഹെഡറിലൂടെ ഉറുഗ്വേ പ്രതിരോധം പിളര്‍ന്നാണ് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യ പകുതിയില്‍ മുന്നിലെത്തിയത്. മുന്‍ലോകചാമ്പ്യന്മാരുടെ പോരില്‍ ആദ്യ പകുതിയുടെ നാല്പതാം മിനിറ്റിലാണ് ഫ്രാന്‍സിനെ വരാനെ മുന്നില്‍ എത്തിച്ചത്. അന്റോണിയോ ഗ്രീസ്മാന്റെ ഫ്രീകിക്കില്‍ നിന്നായിരുന്നു വരാനെയുടെ കരിയറിലെ മൂന്നാം അന്താരാഷ്‌ട്ര ഗോള്‍ വന്നത്.ഉറുഗ്വേ ബോക്സിനു സമീപം ടൊളീസ്സോയെ ബെന്റാക്വോർ വീഴ്ത്തിയതിന് ഫ്രാൻസിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കാണ് ഗോളിലേക്കുള്ള വഴി തുറന്നത്. അന്റോണിയോ ഗ്രീസ്മൻ ഉയർത്തിവിട്ട പന്തിൽ ഫ്രഞ്ച് പ്രതിരോധനിര താരം റാഫേൽ വരാനെയുടെ തകർപ്പൻ ഹെഡർ. യുറഗ്വായ് ഗോൾകീപ്പർ മുസ്‍ലേരയുടെ പ്രതിരോധം തകർത്ത് പന്ത് വലയിൽ. സ്കോർ 1–0.
ഒരു ഗോള്‍ വഴങ്ങിയാല്‍ ആക്രമണത്തിന് മുതിരുമ്പോള്‍ ഉറുഗ്വേ പ്രതിരോധം തകര്‍ന്നടിയും എന്ന കണക്കുകൂട്ടല്‍ ശരിവെച്ചുകൊണ്ടാണ് രണ്ടാം പകുതി മുന്നേറിയത്. ലോകകപ്പ് ക്വാര്‍ട്ടര്‍ വിസില്‍ വരെ ഒരേ ഒരു ഗോള്‍ മാത്രം വഴങ്ങിയ ഉറുഗ്വേ ഗോള്‍ കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേരക്കും പ്രതിരോധനിരയ്ക്കും ഫ്രാന്‍സിന്‍റെ യുവനിരയ്ക്ക് എതിരെ വീണ്ടും കാലിടറി . പരിചയ സമ്പന്നനായ ഗോള്‍ കീപ്പര്‍ മുസ്ലേര ഗ്രീസ്മാന്‍റെ ഷോട്ട് പഞ്ച് ചെയ്തു അകറ്റുന്നതില്‍ വരുത്തിയ പിഴവിലൂടെ ഫ്രാന്‍സ് രണ്ടു ഗോള്‍ ലീഡ് എടുത്തു. 61 ആം മിനിറ്റില്‍ മുസ്ലേരക്ക് നേരെ തൊടുത്ത ഷോട്ടിന് ഗോളിന്‍റെ മണം ഉണ്ടായിരുന്നില്ല എങ്കിലും ഗോളിയുടെ പഞ്ച് ഉയര്‍ന്ന് സ്വന്തം വലയിലേക്ക് കയറിയതോടെ ഉറുഗ്വേക്ക് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കാലിടറുകയാണ്. ആദ്യ പകുതിയില്‍ വരാനേ നേടിയ ഗോളില്‍ അടക്കം ഫ്രാന്‍സ് ഉരുഗ്വേക്ക് എതിരായ ആദ്യ വിജയത്തിന്‍റെ പാതയില്‍ ആണ്. ഗ്രീസ്മാന്റെ ഈ ലോകകപ്പിലെ മൂന്നാം ഗോളാണിത്. ബ്രസീല്‍-ബെല്‍ജിയം മത്സരത്തിലെ വിജയികളെയാണ് സെമിയില്‍ ഫ്രാന്‍സിന് എതിരിടാന്‍ ഉള്ളത്.