സമാറ : തലകൊണ്ട് ഗോള്‍മുഖം തുറക്കുന്നവര്‍ എന്ന ഖ്യാതിയുമായി ലോകകപ്പ് ചരിത്രത്തില്‍ ഒരു ടൂര്‍ണമെന്റില്‍ അഞ്ചു ഹെഡര്‍ ഗോളുകള്‍ നേടി ഇംഗ്ലണ്ട് റഷ്യന്‍ ലോകകപ്പിന്‍റെ സെമിഫൈനലില്‍ ഇടം പിടിച്ചു. ഇരു പകുതികളിലുമായി നേടിയ രണ്ടു ഹെഡര്‍ ഗോളുകളിലൂടെയാണ് ( ഹാരി മഗ്വയര്‍ 30 ), (ദൈലി അലി 59) ഇംഗ്ലണ്ട് 2-0 ന് സ്വീഡനെ കീഴടക്കിയത്. 2002 ല്‍ നാല് ഹെഡര്‍ ഗോളുകള്‍ നേടിയ ജര്‍മനിയുടെ റെക്കോഡ് ആണ് ഇംഗ്ലീഷ് യുവനിര റഷ്യയില്‍ മറികടന്നത്. ഗോള്‍ വലയ്ക്ക് കീഴില്‍ ഇനിയും കീഴങ്ങാതെ നില്‍ക്കുന്ന ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡ് തട്ടിത്തെറിപ്പിച്ച മൂന്ന് ഗോള്‍ അവസരങ്ങള്‍ ആണ് സ്വീഡനു ഗോള്‍ ആരവം നിഷേധിച്ചത്. 1990 ലെ ഇറ്റാലിയന്‍ ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് സെമിയില്‍ ഇടംനേടുന്നത്.
ആദ്യ പകുതിയില്‍ തന്നെ സെറ്റ് പീസുകളില്‍ അപകടം വിതയ്ക്കുന്ന റഷ്യന്‍ മണ്ണിലെ ഇംഗ്ലീഷ് പാരമ്പര്യം ആവര്‍ത്തിച്ച മത്സരത്തില്‍ സ്വീഡനെതിരെ ഇംഗ്ലണ്ട് ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്‍പില്‍ എത്തിയിരുന്നു. മുപ്പതാം മിനിറ്റില്‍ ആഷ്ലി യംഗ് എടുത്ത കോര്‍ണറില്‍ തലവെച്ചാണ് പ്രതിരോധക്കാരനായ ഹാരി മഗ്വയര്‍ ഇംഗ്ലണ്ടിനു ലീഡ് നല്‍കിയത്. മഗ്വയറിന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണിത്. ഈ ലോകകപ്പില്‍ നാല് ഗോളുകള്‍ ഹെഡറിലൂടെ നേടിയ ഇംഗ്ലണ്ട് ഇതോടെ 2002 ല്‍ ജര്‍മനി കുറിച്ച നേട്ടത്തിനൊപ്പം എത്തി. മുന്നേറ്റ നിരയില്‍ ഗോള്‍കീപ്പര്‍ ഓള്‍സണ്‍ മാത്രമുള്ളപ്പോള്‍ അടക്കം മാഞ്ചസ്റ്റര്‍ സിറ്റി മുന്നേറ്റക്കാരന്‍ റഹിം സ്റ്റെര്‍ലിംഗ് ഒന്നിലേറെ അവസരങ്ങള്‍ പാഴാക്കിയില്ലായിരുന്നു എങ്കില്‍ ഇംഗ്ലണ്ട് ഒന്നിലേറെ ഗോളുകള്‍ക്ക് ലീഡ് എടുത്തേനെ.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബര്‍ഗിന്റെ ഹെഡര്‍ തട്ടിയകറ്റിയ പിക്‌ഫോര്‍ഡ് സ്വീഡനു ഉറച്ച ഗോള്‍ അവസരം നിഷേധിച്ചു. അന്‍പത്തിഒന്‍പതാം മിനിറ്റില്‍ ജെസ്സെ ലിംഗാര്‍ഡിന്റെ ക്രോസ്സില്‍ തലവെച്ച് ദൈലി അലി ഇംഗ്ലണ്ടിന്റെ ലീഡ് ഉയര്‍ത്തി. അലിയുടെ മൂന്നാം അന്താരാഷ്ട്ര ഗോള്‍ ആണിത്. ഈ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ അഞ്ചാം ഹെഡര്‍ ഗോളും. പിന്നാലെ ഒരിക്കല്‍ കൂടി പിക്‌ഫോര്‍ഡ് സ്വീഡിഷ് ആക്രമണം തടുത്തിട്ട് സ്‌കാന്റിനേവിയന്‍ രാഷ്ട്രത്തിന് തിരികെ വരാനുള്ള അവസരം നിഷേധിച്ചു. കളി അവസാനിക്കാന്‍ 20 മിനിറ്റ് ശേഷിക്കെ ബര്‍ഗിന്റെ ക്ലോസ് റേഞ്ചര്‍ കുത്തിയകറ്റി പിക്‌ഫോര്‍ഡ് വീണ്ടും രക്ഷകനായി.
ഇംഗ്ലണ്ട് 3-5-2 ശൈലിയിലും സ്വീഡന്‍ 4-4-2 ശൈലിയിലും ആണ് ക്വാര്‍ട്ടര്‍ പോരിന് ഇറങ്ങിയത്. കൊളംബിയക്കെതിരെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വിജയിച്ച ഇംഗ്ലണ്ട് നിരയില്‍ മാറ്റങ്ങള്‍ ഉണ്ടായില്ല. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയം നേടിയ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് സ്വീഡന്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഇറങ്ങിയത്. പ്രതിരോധനിരയില്‍ ക്രാഫ്തും മധ്യനിരയില്‍ ലാര്‍സനും ഇറങ്ങിയപ്പോള്‍ മൈക്കല്‍ ലുസ്റ്റിഗ് സസ്‌പെന്‍ഷന്‍ മൂലം പുറത്തിരിന്നു. എസ്വെന്‍സനും പകരക്കാരുടെ ബെഞ്ചിലേക്ക് മാറി .
1994നുശേഷം ആദ്യമായാണ് സ്വീഡന്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ കളിക്കുന്നത്.അതേസമയം, കഴിഞ്ഞ 12 വര്‍ഷമായി ഇംഗ്ലണ്ടും ലോകകപ്പ് ക്വാര്‍ട്ടര്‍ കളിച്ചിട്ടില്ല. മാത്രമല്ല, ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് ഒരു മല്‍സരം ജയിച്ചിട്ട് 28 വര്‍ഷമായി. ഇതിനു മുന്‍പ് ഇരു ടീമുകളും ലോകകപ്പ് വേദിയില്‍ മുഖാമുഖമെത്തിയത് രണ്ടു തവണ മാത്രമാണ്. ഗ്രൂപ്പു ഘട്ടത്തിലെ ഈ കണ്ടുമുട്ടലുകള്‍ രണ്ടുതവണയും സമനിലയില്‍ അവസാനിച്ചു. 2002ല്‍ ഇരു ടീമുകളും ഓരോ ഗോളടിച്ചും 2006ല്‍ രണ്ടു ഗോള്‍ വീതമടിച്ചും സമനിലയില്‍ പിരിഞ്ഞു.