കൊച്ചി: അഭിമന്യു വധവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മട്ടാഞ്ചേരി സ്വദേശി അനസാണ് പിടിയിലായത്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.
അഭിമന്യുവിനെ കുത്തിയ ആളെയും ഇവരെ കോളജിലേക്കയച്ച സംഘത്തെയും തിരിച്ചറിഞ്ഞെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥി മുഹമ്മദാണ് മുഖ്യ പ്രതിസ്ഥാനത്തുള്ളത്.
കേസില്‍ ആദ്യം അറസ്റ്റിലായ കോട്ടയം കങ്ങഴ സ്വദേശി ബിലാല്‍, ഫോര്‍ട്ട്‌കൊച്ചി കല്‍വത്തി സ്വദേശി റിയാസ്, പത്തനംതിട്ട കളത്തൂര്‍ സ്വദേശി ഫാറൂഖ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്. ചുവരെഴുത്തിനെച്ചൊല്ലി മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കാനായിരുന്നു ലഭിച്ച നിര്‍ദേശം. അതിനിടെ പരമാവധി എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. അതിനായാണ് മാരകായുധങ്ങളുമായി എത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
അതിനിടെ, ശനിയാഴ്ച അറസ്റ്റിലായ നവാസ്, ജെഫ്രി എന്നിവരെ റിമാന്‍ഡ് ചെയ്തു. അക്രമി സംഘത്തിലുള്ളവരെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇരുവരും. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.