by ബീന ആര്‍.സാം
ഇന്ത്യയെ ലോകത്തിന്റെ കൊടുമുടിയിലെത്തിച്ച ലോകം പോലും വാനോളം പുകഴ്ത്തിയ ഹിമാ ദാസിനെ ഇന്ത്യാക്കാര്‍ക്ക് അംഗീകരിക്കണമെങ്കില്‍ അവള്‍ ഏത് ജാതി എന്ന് അറിയണം. അതിനായി അവര്‍ ഗൂഗിളില്‍ പരതുകയാണ്. ഒരു മലയാളി എന്ന നിലയില്‍ നമുക്ക് ലജ്ജിക്കാം. കാരണം ഹിമയുടെ ജാതി അറിയാന്‍ ഏറ്റവുംകൂടുതല്‍ തിടുക്കം കാണിക്കുന്നത് മലയാളികളാണെന്നതാണ് സത്യം. സാക്ഷരതയുടെ കാര്യത്തില്‍ ഒന്നാമനാണെന്ന് വീമ്പിളക്കുന്ന കേരളം എന്തറിവാണ് നേടിയത്. വിവരമില്ലായ്മ എന്ന ആ കറുത്ത ഭൂഖണ്ഡത്തിന്റെ ഉള്ളില്‍ നില്‍ക്കുന്ന മലയാളികള്‍ ഹിമയേയും അതിനുള്ളിലേക്ക് തള്ളിയിടും. മലയാളികള്‍ക്ക് ഇന്നും ജാതികളുടെ ചട്ടക്കൂട്ടിനുള്ളില്‍ തന്നെയാണെന്ന് വീണ്ടും തെളിയിക്കുകയാണ് ഇതിലൂടെ.
ഗൂളില്‍ ഹിമയുടെ പേര് സര്‍ച്ച് ചെയ്താല്‍ ആദ്യം കാണുന്നത് ”ഹിമാ ദാസ് കാസ്റ്റ്’ അഥവാ ‘ഹിമാ ദാസിന്റെ ജാതി’ എന്നാണ്. പ്രധാനമായും കേരളം, കര്‍ണാടക, ഹരിയാന, ആസ്സാം, ബംഗാള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണത്രേ ഹിമാ ദാസിന്റെ ജാതി ഏതെന്ന് അറിയാന്‍ താല്‍പര്യം കൂടുതല്‍. വിജയത്തിന്റെ വേദിയില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ ദേശീയ ഗാനം കേള്‍ക്കവെ ഹിമയുടെ കണ്ണില്‍ നിന്നും ഒഴുകിയ കണ്ണുനീര്‍ ഇന്ത്യക്കാര്‍ ഹൃദയത്തിലേറ്റെടുത്തിരുന്നു. ഹിമക്കൊപ്പം ആന്ദകണ്ണുനീര്‍ ഒഴുക്കിയിരുന്നു ഹൃദയമുള്ള ഓരോ ഇന്ത്യക്കാരും.
സ്വര്‍ണ മെഡല്‍ നേടി മുറി ഇംഗ്ലീഷില്‍ നിഷ്‌കളങ്കമായി ഹിമ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖം ഇന്ത്യക്കാര്‍ ആനന്ദ കണ്ണീരോടെയായിരുന്നു കേട്ടിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഹിമക്ക് ആണ്‍-പെണ്‍ ഭേദമന്യേ സര്‍വ്വരും ഇഷ്ടം നല്‍കുകയും ചെയ്തു. എന്നാല്‍ ചിലര്‍ ഹിമയുടെ ജാതിയറിയാനാണ് സമയം വിനിയോഗിച്ചതെന്നറിഞ്ഞതോടെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധവുമായി ചിലരെത്തിയിട്ടുണ്ട്.ഹിമയുടെ ജാതി അന്വേഷിക്കുന്ന മലയാളികളോട് ചോദിക്കാന്‍ ഒന്നേയുള്ളൂ.. നിങ്ങള്‍ക്ക് അവളെ കല്യാണം കഴിക്കാനാണോ? അവളുടെ നിഷ്‌കളങ്കമായ ചിരിയിലുണ്ട് അവളുടെ ജാതി. അവളുടെ കണ്ണുനീരിലുണ്ട് അവളുടെ ജാതി. അവളുടെ കഷ്ടപ്പാടിലുണ്ട് അവളുടെ ജാതി. അതിലുപരി അവളുടെ വിജയത്തിലുണ്ട് അവളുടെ ജാതി.
2016ലെ ഒളിംപിക്‌സില്‍ സെമി, ഫൈനല്‍ പോരാട്ടങ്ങള്‍ക്കായി തയ്യാറെടുക്കുകയായിരുന്ന പി.വി സിന്ധുവിനും സമാനമായ അനുഭവമുണ്ടായി. അന്ന് ഇന്ത്യക്കാര്‍ ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിച്ചത് സിന്ധുവിന്റെ ജാതി അറിയാനായിരുന്നു. ഗൂഗിളിന്റെ കണക്കുകള്‍ പ്രകാരം നിരവധി ഇന്ത്യക്കാരാണ് സിന്ധുവിന്റെ ജാതി തേടി ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിച്ചത്. ഇന്ത്യക്ക് വേണ്ടി ഗുസ്തിയില്‍ സ്വര്‍ണ്ണം നേടിയ സാക്ഷി മാലികിന്റെ ജാതിയും ചിലര്‍ ഗൂഗിളില്‍ തിരഞ്ഞിരുന്നു.