മോസ്കോ : ലോകം കണ്ട ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ ലെവ് യാഷിന്റെ മണ്ണില്‍ ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബൌട്ട് കോര്‍ട്ടിയോസ് മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലവ് പുരസ്ക്കാരം നേടി. ബ്രസീലിന് എതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ അടക്കം ബെല്‍ജിയത്തിന്റെ റഷ്യയിലെ കുതിപ്പില്‍ നിര്‍ണായക റോള്‍ വഹിച്ച കോര്‍ട്ടിയോസ് പ്രതീക്ഷിച്ച പോലെ തന്നെ മികച്ച ഗോള്‍കീപ്പര്‍ ആയി മാറുകയായിരുന്നു. 2011 ല്‍ ബെല്‍ജിയം വല കാക്കാന്‍ തുടങ്ങുമ്പോള്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍കീപ്പര്‍ ആയിരുന്ന കോര്‍ട്ടിയോസ് 2014 ലോകകപ്പിലും 2016 ലെ യൂറോ കപ്പിലും ബെല്‍ജിയം വലകാത്തു. ജര്‍മന്‍ നായകന്‍ മാനുവല്‍ ന്യൂവര്‍, സ്പാനിഷ് നായകന്‍ ഐകര്‍ കസീയസ് എന്നിവരാണ് ഇതിനു മുന്‍പ് ഗോള്‍ഡന്‍ ഗ്ലവ് പുരസ്ക്കാരം നേടിയത്. അവര്‍ ഇരുവരും വിജയ ടീമിന്‍റെ വല കാത്തവര്‍ ആയിരുന്നുവെങ്കില്‍ കോര്‍ട്ടിയോസ്മൂന്നാം സ്ഥാനക്കാരുടെ വലയാണ് കാത്തത് എന്ന വ്യത്യാസം ഉണ്ട്. 94 മുതല്‍ 2006 വരെ ലെവ് യാഷിന്‍ പുരസ്ക്കാരം എന്നാണ് മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്ക്കാരം അറിയപ്പെട്ടിരുന്നത്.