ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ തെലുഗുദേശം പാര്‍ട്ടി അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയം. എന്‍.ഡി.എ സഖ്യത്തിന് 325ഉം പ്രതിപക്ഷത്തിന് 126ഉം വോട്ടാണ് ലഭിച്ചത്. ആകെ 451പേരാണ് വോെട്ടടുപ്പില്‍ പെങ്കടുത്തത്. ബി.ജെ.പിയോട് ഉടക്കി എന്‍.ഡി.എ സഖ്യത്തില്‍ തുടരുന്ന ശിവസേനയും ഭരണചേരിയോട് മമത കാട്ടുന്ന ബിജു ജനതാദളും അവിശ്വാസ പ്രമേയ ചര്‍ച്ച തുടങ്ങുന്നതിനു മുേമ്പ ഇറങ്ങിപ്പോക്കു നടത്തി. അതേസമയം, എ.െഎ.എ.ഡി.എം.കെ സര്‍ക്കാറിനെ പിന്തുണച്ചു. സഭയില്‍ ഉണ്ടായിരുന്ന ആരും വോെട്ടടുപ്പില്‍ നിന്ന് വിട്ടുനിന്നില്ല.
12 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ രൂക്ഷമായ വാഗ്വാദമാണ് നടന്നത്. സര്‍ക്കാറിന്റെ അസഹിഷ്ണുതക്കും ഏകാധിപത്യം നിറഞ്ഞ വികല ഭരണത്തിനുമെതിരായ പ്രതിപക്ഷ വിമര്‍ശനത്തെ നയിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാത്രി 11 മണിയോടെ അവിശ്വാസ ചര്‍ച്ചക്ക് മറുപടി പറഞ്ഞു തീര്‍ത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസിന്റെ മുന്‍കാല ഭരണരീതികളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കുറ്റപ്പെടുത്തി.
ബി.ജെ.പിക്കും മറ്റു സഖ്യകക്ഷികള്‍ക്കും വ്യക്തമായ ഭൂരിപക്ഷമുള്ള സഭയില്‍ അവിശ്വാസ പ്രമേയം പാസാകില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാല്‍, മോദിസര്‍ക്കാറിനെ തുറന്നു കാട്ടാനും അസഹിഷ്ണുതക്കെതിരായ പ്രതിപക്ഷ െഎക്യത്തിന്റെ ദൃഢത ബോധ്യപ്പെടുത്താനുമാണ് അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷം ശ്രമിച്ചത്. പ്രതിപക്ഷ ചേരി ദുര്‍ബലമാണെന്ന് വരുത്താനായിരുന്നു ബി.ജെ.പിയുടെ ശ്രമം.
നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി െകട്ടിപ്പുണര്‍ന്ന അമ്പരപ്പിന്റെ അകമ്പടിയോടെയാണ് അര്‍ധരാത്രിയോളം അവിശ്വാസ ചര്‍ച്ച നീണ്ടത്. 2024ല്‍ വീണ്ടും തെന്റ സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ അവസരമുണ്ടാകെട്ടയെന്ന പരാമര്‍ശത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെ നേരിട്ടത്. ഇപ്പോള്‍ പ്രതിപക്ഷം കൊണ്ടുവന്നത് നിര്‍ബന്ധിത അവിശ്വാസമാണ്; കാരണം എന്തെങ്കിലും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ എല്ലാവര്‍ക്കുമൊപ്പമാണ്; എല്ലാവരുടെയൂം വികസനത്തിനു വേണ്ടിയാണ്. മോദിയെ പുറത്താക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് പ്രതിപക്ഷത്തിനു മുന്നിലുള്ളത്. പല വിഷയങ്ങളിലും പ്രതിപക്ഷം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു -മോദി പറഞ്ഞു.