ലണ്ടന്‍: വംശീയ അധിക്ഷേപത്തെ തുടര്‍ന്ന് ജര്‍മന്‍ ഫുട്ബാള്‍ താരം മെസ്യൂത് ഓസില്‍ രാജ്യാന്തര ഫുട്ബാളില്‍ നിന്ന് വിരമിച്ചു. ജര്‍മനിക്കായി ഇനി കളിക്കില്ലെന്ന് വ്യക്തമാക്കി സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പ്രസ്താവന പുറത്തിറക്കി. ലണ്ടനില്‍ നടന്ന പരിപാടിയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനൊപ്പം ഓസില്‍ നില്‍കുന്ന ചിത്രം വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ജര്‍മനിയിലെ രാഷ്ട്രീയ നേതാക്കള്‍ ഓസില്‍ ഉര്‍ദുഗാനൊപ്പം സമയം ചെലവഴിച്ചതിനെ ചോദ്യം ചെയ്തിരുന്നു.
തന്റെ ഫോട്ടോക്ക് രാഷ്ട്രീയമില്ലെന്നും തുര്‍ക്കിയില്‍ വേരുകളുള്ള ഒരാളെന്ന നിലക്ക് പിതാമഹന്മാരോട് കൂറും കടപ്പാടും കാണിക്കാന്‍ നിലവിലെ ഭരണാധികാരിക്കൊപ്പം ചിത്രത്തിന് നിന്നു കൊടുക്കുകയായിരുന്നെന്നും ഓസില്‍ ആരാധകര്‍ക്ക് എഴുതിയ തുറന്ന കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. 2010ല്‍ ബര്‍ലിനില്‍ ജര്‍മനിയും തുര്‍ക്കിയും ഏറ്റുമുട്ടിയപ്പോള്‍ അംഗല മെര്‍കലിനൊപ്പം കളി കാണാനെത്തിയപ്പോഴും അദ്ദേഹത്തെ കണ്ടതാണ്. ഞങ്ങളുടെ ചിത്രം ജര്‍മന്‍ മാധ്യമങ്ങളില്‍ വലിയ കോലാഹലം സൃഷ്ടിച്ചത് ഞാന്‍ മനസ്സിലാക്കുന്നു. ഇതിന്റെ പേരില്‍ ഞാന്‍ വഞ്ചന നടത്തിയെന്നും കള്ളം പറയുന്നുവെന്നുമാണ് ചിലരുടെ ആക്ഷേപമെന്നും ഓസില്‍ ചൂണ്ടിക്കാട്ടുന്നു.
ലോകകപ്പിലെ ജര്‍മനിയുടെ ആദ്യ റൗണ്ട് പുറത്താവലില്‍ ബലിയാടാക്കപ്പെട്ട ഓസിലിനെ പിന്തുണച്ച് പിതാവ് മുസ്തഫ ഓസില്‍ രംഗത്ത് വന്നിരുന്നു. ഓസില്‍ ഇനി ദേശീയ ടീമിനായി കളിക്കരുതെന്നാണ് പിതാവ് ആവശ്യപ്പെട്ടത്. അവമതിക്കുന്ന പ്രസ്താവനയായിരുന്നു ടീം ഡയറക്ടറുടേത്. മാനേജ്‌മെന്റിന്റെ മുഖം രക്ഷിക്കുന്നതിനായി അയാള്‍ കളിക്കാരനെതിരെ തിരിയുകയാണെന്നും മുസ്തഫ ആരോപിച്ചു. ഉര്‍ദുഗാനോടൊപ്പം തന്റെ മകന്‍ ഫോേട്ടാക്ക് പോസ് ചെയ്തതില്‍ രാഷ്ട്രീയമില്ലെന്നും അവന്റെ വിനയം കൊണ്ടാണ് ഫോേട്ടായില്‍ നിന്ന് മാറാതെ നിന്നതെന്നും മുസ്തഫ വ്യക്തമാക്കിയിരുന്നു.
നടന്ന സംഭവങ്ങളൊക്കെ ഹൃദയത്തില്‍ കടുത്ത ആഘാതമേല്‍പ്പിക്കുന്നതാണ്. വംശീയതയും അവഹേളനവുമായിട്ട് എനിക്ക് ഈ കാര്യങ്ങള്‍ തോന്നുന്ന സാഹചര്യത്തില്‍ ജര്‍മനിക്കായി അന്താരാഷ്ട്രതലത്തില്‍ കളിക്കാനാകില്ല. വലിയ പ്രതാപത്തോടെയും ആവേശത്തോടെയുമാണ് ഞാന്‍ ജര്‍മന്‍ കുപ്പായം അണിഞ്ഞിരുന്നത്. ഏറെ പ്രയാസകരമേറിയതാണ് എന്റെ തീരുമാനം. ജര്‍മനിയില്‍ നിന്ന് എനിക്ക് എല്ലാഴ്പ്പോഴും ലഭിച്ചത് നല്ല സഹതാരങ്ങളേയും പരിശീലകനേയുമാണെന്നും ഓസില്‍ പ്രസ്താവനയില്‍ കുറിച്ചു.
തുര്‍ക്കിയില്‍ നിന്ന് ജര്‍മനിയിലേക്ക് കുടിയേറി പാര്‍ത്തവരാണ് ഓസിലിന്റെ കുടുംബം. ജര്‍മനിക്കായി 92 മത്സരങ്ങളില്‍ നിന്ന് 23 ഗോളുകള്‍ നേടിയിട്ടുണ്ട് ഓസില്‍