തിരുവനന്തപുരം : രാഷ്ട്രപതി നല്‍കാതിരുന്ന ദേശീയ സിനിമാ അവാര്‍ഡ് വിവാദമായതിനു സമാനമായി സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ചടങ്ങും വിവാദത്തിലേക്ക്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യം കൂടുതല്‍ ശക്തമാകുന്നു. ചലച്ചിത്ര പ്രവര്‍ത്തകരടക്കം 105 പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കി. നടന്‍ പ്രകാശ് രാജ്, സാഹിത്യകാരന്‍ എന്‍.എസ്.മാധവന്‍ എന്നിവരും ഒപ്പിട്ടിട്ടുണ്ട്.
ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെയാണ് ആദ്യം രംഗത്തെത്തിയത്. നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്തതിലെ പ്രതിഷേധമാണ് ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യത്തിനു പിന്നില്‍. ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്തതിനെ അനുകൂലിക്കുന്ന മോഹന്‍ലാലിനെ ഇടതു സര്‍ക്കാര്‍ മുഖ്യാതിഥിയാക്കുന്നതു സംവിധായകനും ജൂറി അംഗവുമായ ഡോക്ര്‍ ബിജു ഫെയ്‌സ്ബുക് പോസ്റ്റിലൂടെ ചോദ്യം ചെയ്തിരുന്നു. ചടങ്ങിന്റെ ഗ്ലാമര്‍ കൂട്ടാന്‍ സൂപ്പര്‍താരം വേണമെന്ന മന്ത്രിയുടെ നിലപാടു ശരിയല്ല. അങ്ങനെയെങ്കില്‍ ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുമെന്നു ഡോ.ബിജു എഴുതി. പുരസ്‌കാരദാനച്ചടങ്ങില്‍ അവാര്‍ഡ് നേടിയവര്‍ക്കും അതു നല്‍കുന്ന മുഖ്യമന്ത്രിക്കുമായിരിക്കണം പ്രാധാന്യമെന്ന് വി.കെ. ജോസഫ് പറഞ്ഞു.
സര്‍ക്കാര്‍ നിലപാടില്‍ ഡബ്ല്യുസിസിക്കും അതൃപ്തിയുണ്ട്. നടിക്കൊപ്പം എന്നു പറയുമ്പോഴും സിപിഎം എംഎല്‍എയെ പൂര്‍ണ്ണമായും തള്ളിയിരുന്നില്ല. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങ് കൊല്ലത്ത് സംഘടിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീടാണ് വേദി തിരുവന്തപുരത്തേക്കു മാറ്റിയത്. അടുത്തമാസം എട്ടിന് തിരുവനന്തപുരം നിശാഗന്ധിയിലാണ് അവാര്‍ഡ് നിശ.