മുംബൈ: തൊഴില്‍, വിദ്യാഭ്യാസ സംവരണമാവശ്യപ്പെട്ട് മറാത്തക്കാര്‍ പ്രഖ്യാപിച്ച ബന്ദില്‍ മുംബൈയില്‍ പലയിടത്തും ആക്രമണം ശക്തമായി. നവി മുംബൈ, പന്‍വേല്‍, നാസിക്, ഔറംഗബാദ് എന്നിവിടങ്ങളിലായാണ് പരക്കെ അക്രമണമുണ്ടായത്. സംഘമായെത്തുന്ന പ്രക്ഷോഭക്കാര്‍ പലയിടത്തും അക്രമാസക്തരായി. സമരക്കാര്‍ ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ടയറുകള്‍ റോഡില്‍ കത്തിക്കുകയും ചെയ്തു. പലയിടത്തും കടകള്‍ ബലമായി അടപ്പിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധക്കാര്‍ നീങ്ങുന്നത്.
സംവരണ പ്രക്ഷോഭത്തിനിടെ യുവാവ് പുഴയില്‍ച്ചാടി മരിച്ചതിനു പിന്നാലെയാണു മറാഠകള്‍ ബന്ദ് പ്രഖ്യാപിച്ചത്. ഏറെക്കാലത്തെ ആവശ്യമായ തൊഴില്‍ വിദ്യാഭ്യാസ സംവരണം അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് മറാഠകള്‍ ഔറംഗാബാദില്‍ നടത്തിയ സമ്മേളനത്തിനിടെ കാക്കാസാഹെബ് ദത്താത്രേയ ഷിന്‍ഡെ (28) എന്ന മറാഠ യുവാവാണു തിങ്കളാഴ്ച നദിയില്‍ ചാടി ജീവനൊടുക്കിയത്. ഷിന്‍ഡെയുടെ പാത പിന്തുടര്‍ന്ന ഔറംഗാബാദില്‍ രണ്ടു യുവാക്കള്‍ നദീതടത്തിലേക്കു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരാളെ പൊലീസ് പിടികൂടി പിന്തിരിപ്പിച്ചു.
കഞ്ചൂര്‍മാര്‍ഗ്, ഭന്‍ഡപ് മേഖലകളില്‍ രണ്ടു ബസുകള്‍ പ്രക്ഷോഭക്കാര്‍ തകര്‍ത്തു. ബ്രിഹന്‍മുംബൈയിലെ വെദ്യുതിബന്ധവും ഗതാഗതവും ഭാഗികമായി നിര്‍ത്തി. ലാത്തൂരിലെ ഉദ്ഗിറില്‍ രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ബലമായി കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതും പച്ചക്കറി വാഹനം തകര്‍ക്കാന്‍ ശ്രമിച്ചതുമാണ് പ്രശ്‌നത്തിനു കാരണം.
ഒല, ഊബര്‍ ടാക്‌സികളും സര്‍വീസ് നടത്തുന്നില്ല. മൊബൈല്‍ ആപ്പു വഴി ബുക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടും കിട്ടാത്ത സ്ഥിതിയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് പാക്ക്‌സൈറ്റ് പൊലീസ് സ്റ്റേഷനില്‍ അഞ്ചുപേരെ കസ്റ്റിഡിയിലെടുത്തു. താനെയില്‍ ജനങ്ങള്‍ ട്രെയിന്‍ ഗതാഗതം തടഞ്ഞു. പൊലീസെത്തി പ്രതിഷേധക്കാരെ മാറ്റിയശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. ദാദറിലും ചെമ്പൂറിലും പ്രതിഷേധം സമാധാനപരം.