കോഴിക്കോട്: ശരാശരി 23 വയസ് പ്രായക്കാരുടെ ഇളപ്പവുമായി സന്തോഷ് ട്രോഫിക്കുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. തൃശൂര്‍ സ്വദേശിയും പ്രതിരോധക്കാരനുമായ രാഹുല്‍ വി രാജാണ് നായകന്‍. സീസന്‍ ഉപനായകനായ ടീമില്‍ 13 പേര്‍ പുതുമുഖങ്ങളാണുള്ളത്.
ടീമിന്റെ ശരാശരി പ്രായം 23 വയസാണ്. 27 വയസ്സുള്ള ഗോള്‍കീപ്പര്‍ അഖില്‍ സോമനാണ് പ്രായംകൂടിയ കളിക്കാരന്‍. 17 തികയാന്‍ ഇനിയും അഞ്ചുമാസമുള്ള അനുരാഗാണ് ബേബി. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ ഫുട്‌ബോളില്‍ ജേതാക്കളായ കലിക്കറ്റ് സര്‍വകലാശാലയുടെ അഞ്ച് കളിക്കാര്‍ ടീമിലുണ്ട്. സതീവന്‍ ബാലന്‍ മുഖ്യകോച്ച്. ബിജേഷ്‌ബെന്നാണ് സഹ പരിശീലകന്‍.
മുന്നേറ്റനിരയില്‍ എസ്ബിഐയുടെ സജിത് പൌലോസ് (തിരുവനന്തപുരം), മമ്പാട് എംഇഎസ് കോളേജ് വിദ്യാര്‍ഥി വി കെ അഫ്ദല്‍ (മലപ്പുറം), ഫാറൂഖ് കോളേജ് വിദ്യാര്‍ഥി അനുരാഗ് (തൃശൂര്‍) എന്നിവര്‍. എസ്ബിഐയുടെ വി മിഥുന്‍ (കണ്ണൂര്‍), കെഎസ്ഇബിയുടെ എസ് ഹജ്മല്‍ (പാലക്കാട്), അഖില്‍ സോമന്‍ (കോട്ടയം)}എന്നിവര്‍ ഗോള്‍കീപ്പര്‍മാര്‍.
ഗോകുലം എഫ്‌സിയുടെ കെ പി രാഹുല്‍ (കാസര്‍കോട്), എസ്ബിഐയുടെ എസ് സീസന്‍ (തിരുവനന്തപുരം), തൃശൂര്‍ സെന്റ്‌തോമസ് കോളേജിലെ വി എസ് ശ്രീക്കുട്ടന്‍ (തൃശൂര്‍), എഫ്‌സി കേരളയുടെ എം എസ് ജിതിന്‍ (തൃശൂര്‍), കെഎസ്ഇബിയുടെ മുഹമ്മദ് പാറക്കോട്ടില്‍ (പാലക്കാട്), ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജി ജിതിന്‍ (തൃശൂര്‍), സെന്‍ട്രല്‍ എക്‌സൈസ് കൊച്ചിയിലെ ബി എല്‍ ഷംനാസ് (എറണാകുളം) എന്നിവര്‍ മധ്യനിരയില്‍.
പ്രതിരോധത്തില്‍ എസ്ബിഐയുടെ എസ് ലിജോ (തിരുവനന്തപുരം), രാഹുല്‍ വി രാജ് (തൃശൂര്‍), കെഎസ്ഇബിയുടെ വൈ പി മുഹമ്മദ് ഷരീഫ് (മലപ്പുറം), കേരള പൊലീസുകാരായ വിബിന്‍ തോമസ്, വി ജി ശ്രീരാഗ് (ഇരുവരും തൃശൂര്‍), മഞ്ചേരി എവര്‍ഗ്രീന്‍ ക്‌ളബ്ബിലെ കെ ഒ ജിയാദ് ഹസന്‍ (മലപ്പുറം), കോട്ടയം ബസേലിയസ് കോളേജിലെ ജസ്റ്റിന്‍ ജോര്‍ജ് (കോട്ടയം) എന്നിവര്‍.
റിസര്‍വുകളായി അഞ്ചുപേരെ തെരഞ്ഞെടുത്തു. ഷാഹുല്‍ ഹമീദ്, മുഹമ്മദ് നിഷാന്‍, ബിജേഷ് ബാലന്‍, എല്‍ദോസ് സണ്ണി, അഖിജിത് എന്നിവര്‍. ടീം എറണാകുളത്ത് രണ്ട് സൌഹൃദമത്സരങ്ങള്‍ കളിക്കും. സെന്‍ട്രല്‍ എക്‌സൈസ് കൊച്ചിയും കേരള ബ്‌ളാസ്റ്റേഴ്‌സ് റിസര്‍വ് ടീമുമാണ് എതിരാളികള്‍. 14ന് ബംഗളൂരുവിലേക്ക് പുറപ്പെടും.