ന്യൂഡൽഹി: റാഫെൽ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ തിരുത്തി അനില്‍ അംബാനി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി. മുൻപ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി റിലയൻസ് ഗ്രൂപ്പ് മേധാവി അനിൽ അംബാനി അയച്ച കത്തിന്റെ വിശദാംശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. റാഫെൽ ജെറ്റ് കരാർ ലഭിക്കുന്നതിന് റിലയൻസിന് കേന്ദ്ര സർക്കാരിന്റെ സഹായം ലഭിച്ചുവെന്ന ആരോപണം തള്ളിക്കളയുന്നതാണ് കത്ത്.
മാത്രമല്ല, ഇത്തരമൊരു കരാറുമായി സഹകരിക്കാനുള്ള അനുഭവ സമ്പത്ത് റിലയൻസ് ഗ്രൂപ്പിനില്ലെന്ന വിമർശനവും അംബാനി കത്തിൽ തള്ളിക്കളയുന്നുണ്ട്. 2017 ഡിസംബർ 12ന് എഴുതിയ രണ്ടു പേജ് കത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അംബാനി രാഹുലിന് കത്തെഴുതിയതെന്ന് കരുതുന്നു. ഗാന്ധി കുടുംബവുമായി ഞങ്ങൾക്ക് നല്ല ബന്ധമാണുള്ളത്. തലമുറകളായി അതു തുടരുന്നു. എന്നാൽ, കോൺഗ്രസിന്റെ അധികാര സ്ഥാനങ്ങളിലുള്ളവർ ദൗര്‍ഭാഗ്യകരമായ പ്രസ്താവനകൾ നടത്തിയത് ഏറെ വേദനിപ്പിച്ചു. അനുഭവ സമ്പത്തുണ്ടെന്നു മാത്രമല്ല, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രൂപ്പാണ് ഞങ്ങളുടേത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ഉള്ളത് റിലയൻസ് ഡിഫൻസ് വിഭാഗത്തിനാണെന്നും കത്തിൽ അംബാനി ഓർമിപ്പിച്ചു.
ഇന്ത്യൻ നാവികസേനയ്ക്കു വേണ്ടി അഞ്ച് നേവൽ ഓഫ്ഷോർ പട്രോൾ വെസൽസും (എൻഒപിവി) തീരദേശ സേനയ്ക്കുവേണ്ടി 14 ഫാസ്റ്റ് പട്രോൾ വെസൽസും തങ്ങൾ നിർമിക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റാഫെൽ ഇടപാടില്‍ ഫ്രാന്‍സിൽ നിർമിച്ച 36 വിമാനങ്ങള്‍ ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇതിൽ ഒരു ഇന്ത്യൻ കമ്പനിക്ക് യാതൊന്നും ചെയ്യാനില്ല – അദ്ദേഹം കത്തിൽ വ്യക്തമാക്കി. രാഹുലിനു പുറമെ രൺദീപ് സിങ് സുർജേവാല ഉൾപ്പെടെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്കെല്ലാം ഇതേ കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.
ഒരു വ്യവസായിക്കുവേണ്ടി സർക്കാർ റാഫെൽ കരാറിൽ മാറ്റം വരുത്തിയെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസവും ലോക്സഭയിൽ ആരോപണം ഉന്നയിച്ചിരുന്നു. ഒരു വിമാനം പോലും നിർമിച്ചു പരിചയമില്ലാത്ത വ്യവസായിയെ റാഫെൽ ഇടപാടിൽ മോദി പങ്കാളിയാക്കി. 35,000 കോടി രൂപ കടത്തിലായിരുന്ന വ്യവസായി ഇതുവഴി 45,000 കോടി രൂപ ലാഭമുണ്ടാക്കി – എന്നായിരുന്നു രാഹുലിന്റെ ആരോപണം. എന്നാൽ യുപിഎ സർക്കാരാണ് കരാർ ഒപ്പിട്ടതെന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമന്‍ രാഹുലിന് മറുപടിയും നൽകി.