ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭീഷണിയിലൂടെ പണം തട്ടാനുള്ള ശ്രമത്തിന് വഴങ്ങാത്തതിനാല്‍ സഹോദരങ്ങളെ വെടിവച്ചു കൊന്നു. പ്രതാപ്ഗഢിലാണ് സംഭവം. ശ്യാം സുന്ദര്‍ ജയ്‌സ്വാള്‍ (55), ശ്യാം മുരാത് ജയ്സ്വാള്‍ (48) എന്നിവരാണു കൊല്ലപ്പെട്ടത്. ഇവര്‍ക്ക് ദിവസങ്ങളായി പണമാവശ്യപ്പെട്ട് ഫോണിലൂടെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പൊലീസും പ്രശ്‌നത്തില്‍ ഇടപെട്ടില്ലെന്നാണു സൂചന.
വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സഹോദരന്മാര്‍ക്കു നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘം ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കെട്ടിട നിര്‍മാണ സാമഗ്രികള്‍ നിര്‍മിക്കുന്ന തൊഴിലായിരുന്നു സഹോദരന്മാര്‍ ചെയ്തിരുന്നത്. ഏതാനും ദിവസങ്ങളായി പണം ആവശ്യപ്പെട്ടുള്ള ഫോണ്‍ സന്ദേശങ്ങള്‍ വന്നിരുന്നു. ഇക്കാര്യം സഹോദരങ്ങള്‍ കുടുംബാംഗങ്ങളോടു പങ്കുവയ്ക്കുകയും ചെയ്തു.
സഹോദരങ്ങളുടെ കുടുംബത്തിനു 10 ലക്ഷം രൂപ വീതം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. കേസിനു കൂടുതല്‍ പ്രാധാന്യം നല്‍കി അന്വേഷിക്കണം. പൊലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടു. അതിനിടെ, സംഭവത്തില്‍ പ്രതിഷേധിച്ചു പ്രദേശവാസികള്‍ അലഹബാദ് ഫൈസാബാദ് ദേശീയപാത ഉപരോധിച്ചു. ഇത് ഏറെനേരത്തെ ഗതാഗതക്കുരുക്കിനും ഇടയാക്കി.