ഇടുക്കി: ജലനിരപ്പ് 2400 അടിയാകുന്നതിന് മുമ്പ് ഇടുക്കി ഡാം തുറന്നേക്കാമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. രാത്രി സമയത്ത് ഡാം തുറക്കില്ല. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങളുടെ ചുമതല റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയിരിക്കുമെന്ന് മന്ത്രി അറിയിച്ചു. വൈദ്യുത ഉത്പാദനത്തിനു വേണ്ടി വെള്ളം പിടിച്ചുവെക്കില്ല. ഇനിയും മഴ പെയ്യാനും വെള്ളം ലഭിക്കാനും സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി ഡാമിലെ ജലനിരപ്പ് ഇന്ന് 2993 അടിയായാണ്. 2400 അടിയിലേക്ക് ജലനിരപ്പ് എത്തിയാല്‍ ഡാം തുറക്കുമെന്നാണ് വൈദ്യുത വകുപ്പ് രാവിലെ അറിയിച്ചിരുന്നത്. 2403 അടിയാണ് ഇടുക്കി ഡാമിലെ പരമാവധി സംഭരണ ശേഷി. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നതിനായി ഇടുക്കിയില്‍ വെള്ളിയാഴ്ച ഉന്നതതല യോഗം ചേര്‍ന്നിരുന്നു.
അതേ സമയം ഇടുക്കി ഡാം തുറന്നാല്‍ എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസ്സം എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരുവശങ്ങളിലും 100 മീറ്ററിനുള്ളിലെ കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ട്. ഇവിടെ താമസിക്കുന്നവരെക്കുറിച്ചുള്ള വിവരമാണ് ശേഖരിക്കുക.