കൊൽക്കത്ത: ആടുകളെ അമ്മയായാണ് ഗാന്ധിജി കണ്ടതെന്ന് ബി.ജെ.പി. ബംഗാൾ സംസ്ഥാന ഉപാധ്യക്ഷൻ ചന്ദ്രകുമാർ ബോസ്. എന്നാല്‍ ഹിന്ദുക്കളുടെ അമ്മ പശുവാണ് എന്ന് വ്യകതമാക്കി പരാമർശത്തെ എതിർത്ത് മുൻ ബി.ജെ.പി. നേതാവും ത്രിപുര ഗവർണറുമായ തഥാഗത റോയി ട്വീറ്റ് ചെയ്തതോടെ അത് കൂടുതൽ വിവാദങ്ങളിലേക്ക് വളർന്നു.
സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗംകൂടിയായ ചന്ദ്രകുമാർ വ്യാഴാഴ്ചയാണ് വിവാദത്തിനാധാരമായ ട്വീറ്റ് ചെയ്തത്. “എന്റെ മുത്തച്ഛനായ ശരത് ചന്ദ്രബോസിന്റെ കൊൽക്കത്തയിലെ വീട്ടിൽ ഗാന്ധിജി താമസിച്ചിട്ടുണ്ട്. അന്നദ്ദേഹം ആട്ടിൻപാൽ ആവശ്യപ്പെട്ടു. അതിനായി രണ്ട് ആടുകളെ കൊണ്ടുവന്നു. ഹിന്ദുക്കളുടെ സംരക്ഷകനായ ഗാന്ധി, ആടുകളുടെ പാൽ കുടിക്കുന്നതിലൂടെ അവരെ അമ്മയായാണ് കണ്ടിരുന്നത്” -ട്വീറ്റിൽ പറയുന്നു. സുഭാഷ് ചന്ദ്രബോസിന്റെ മൂത്ത ജ്യേഷ്ഠനാണ് ശരത് ചന്ദ്രബോസ്.
ട്വീറ്റ് വന്ന് മൂന്നുമണിക്കൂറിനകം തഥാഗത് റോയ് മറുപടിയുമായെത്തി. ഗാന്ധിജിയോ ചന്ദ്രകുമാറിന്റെ മുത്തച്ഛനോ ആടുകളെ അമ്മയായി കാണണമെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഹിന്ദുക്കൾ അമ്മയായി കാണുന്നത് പശുവിനെയാണ്. ഹിന്ദുക്കളുടെ സംരക്ഷകനാണ് താനെന്ന് ഗാന്ധിജി ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. ഇത്തരം അസംബന്ധം പ്രചരിപ്പിക്കരുത്” – ബംഗാളിലെ മുൻ ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ കൂടിയായ റോയ് ട്വീറ്റ് ചെയ്തു.
ആൾക്കൂട്ടക്കൊലകളെ മുമ്പും അപലപിച്ചിട്ടുള്ള ചന്ദ്രകുമാർ ബോസ്, തന്റെ ട്വീറ്റിന്റെ ആലങ്കാരികത ആർക്കും മനസ്സിലാക്കാവുന്നതേയുള്ളുവെന്ന് അഭിപ്രായപ്പെട്ടു. “രാഷ്ട്രീയത്തിൽ മതം കലർത്തരുതെന്നാണ് രാഷ്ട്രീയക്കാരോടുള്ള എന്റെ സന്ദേശം. മൃഗങ്ങളെ സംരക്ഷിക്കണം. പക്ഷേ, അതു മനുഷ്യനെ തല്ലിക്കൊന്നിട്ടാവരുത്. രാജ്യത്തുടനീളം പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ടക്കൊലകളിൽ രാജ്യത്തിന് ഞെട്ടലുണ്ട്”- അദ്ദേഹം പറഞ്ഞു. 2016-ലാണ് ചന്ദ്രകുമാർ ബി.ജെ.പി.യിലെത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാബാനർജിക്കെതിരേ ഭവാനിപോർ മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും തോറ്റു.