ലാഹോര്‍: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് പത്തു വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നവാസ് ഷെരീഫിനെ ഹൃദയ സംബന്ധിയായ പ്രശ്നങ്ങളേത്തുടര്‍ന്നാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
വൃക്ക തകരാറിലായതിനു പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായി കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇ.സി.ജി.യില്‍ കണ്ട വ്യതിയാനത്തിന്റേയും രക്തപരിശോധനാ റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തില്‍ ഞായറാഴ്ച ഷെരീഫിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ പാക്കിസ്ഥാനിലെ താത്കാലിക ഭരണകൂടം തീരുമാനിക്കുകയായിരുന്നു.
ഷെരീഫിനെ ഇസ്ലാമാബാദിലെ പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വിദഗ്ദ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ചികിത്സ പുരോഗമിക്കുകയാണെന്നും പഞ്ചാബ് ആഭ്യന്തരമന്ത്രി ഷൗക്കത്ത് ജാവേദ് മാധ്യമങ്ങളെ അറിയിച്ചു.