ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ അന്തിമ കരടു പട്ടികയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി തുറന്നയുദ്ധം പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദേശീയ പൗരത്വ രജിസ്‌ട്രേഷബില്‍ ഭേദഗതി ചെയ്യണമെന്നും അതല്ലെങ്കില്‍ പാര്‍ലെന്റില്‍ പുതിയ ബില്‍ കൊണ്ടുവരണമെന്നും മമത ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മമത ബാനര്‍ജി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.
ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ ബംഗാളില്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ആഭ്യന്തര കലാപം ഉണ്ടാകുമെന്ന് രാജ്‌നാഥ് സിംഗിനോട് മമത തുറന്നടിച്ചു. ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ ബില്‍ ഭേദഗതി ചെയ്യുകയോ പുതിയ ബില്‍ അവതരിപ്പിക്കുകയോ വേണം. ഈ നിയമം ബംഗാളില്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ രക്തച്ചൊരിച്ചിലും കലാപവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും മമത പറഞ്ഞു.
പൗരത്വ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആളുകളെ ഉപദ്രവിക്കില്ലെന്ന് ചര്‍ച്ചയില്‍ രാജ്‌നാഥ് സിംഗ് ഉറപ്പ് നല്‍കിയതായി മമത പറഞ്ഞു. എല്ലാ ജനങ്ങളെയും കേള്‍ക്കാനുള്ള അവസരമുണ്ട്. പൗരത്വ രജിസ്‌ട്രേഷന്‍ കരട് തയാറാക്കുന്നത് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് മമത ബാനര്‍ജി ഇന്ന് രാവിലെയും രൂക്ഷ പ്രതികരണമാണ് നടത്തിയിരുന്നത്. ബിജെപി വിഭജിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച മമത രാജ്യത്ത് ആഭ്യന്തര കലാപവും രക്തച്ചൊരിച്ചിലും ഉണ്ടാകാന്‍ ഇത് കാരണമാകുമെന്നും പറഞ്ഞിരുന്നു.