നാൻജിങ് (ചൈന : വനിതാവിഭാഗത്തിൽ സൈന നെഹ്‌വാളിനു പിന്നാലെ പി.വി. സിന്ധുവും ക്വാർട്ടറിൽ കടന്നപ്പോൾ, പുരുഷ വിഭാഗത്തിൽ സായ് പ്രണീതും ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ക്വാർട്ടറിലെത്തി. അതേസമയം, ലോക ആറാം നമ്പർ താരം കിഡംബി ശ്രീകാന്ത് പ്രീക്വാർട്ടറിൽ തോറ്റു പുറത്തായി. മലേഷ്യയുടെ ഡാരൻ ല്യൂവാണ് ശ്രീകാന്തിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചത്. സ്കോർ: 18-21, 18-21.
ഡെൻമാർക്കിന്റെ ക്രിസ്റ്റ്യൻ വിട്ടിങ്ങൂസിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് സായ് പ്രണീതിന്റെ മുന്നേറ്റം. സ്കോർ: 21–13, 21–11. ക്വാർട്ടറിൽ ജപ്പാന്റെ കെന്റോ മൊമോട്ടയാണ് എതിരാളി. ലോക രണ്ടാം നമ്പർ താരം ദക്ഷിണകൊറിയയുടെ സുങ് ജി ഹ്യൂനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് മൂന്നാം റാങ്കുകാരിയായ സിന്ധു അവസാന എട്ടിലേക്ക് മുന്നേറിയത്. സ്കോർ: 21–10, 21–18. ജാപ്പനീസ് താരം നൊസോമി ഒക്കുഹാരയാണ് ക്വാർട്ടറിൽ സിന്ധുവിന്റെ എതിരാളി.
2013ലെ ചാപ്യൻ തായ്‌ലൻഡിന്റെ റാട്ചനോക് ഇന്താനോണിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് സൈന ക്വാർട്ടറിൽ കടന്നത്. സ്കോർ: 21–16, 21–19. നിലവിലെ ഒളിംപിക് ചാംപ്യൻ കരോളിനാ മാരിനാണ് ക്വാർട്ടറിൽ സൈനയുടെ എതിരാളി. നേരത്തെ, ആദ്യ റൗണ്ടിൽ ബൈ ലഭിച്ച സൈന രണ്ടാം റൗണ്ടിൽ തുർക്കിയുടെ അലിയെ ദെമിർബാഗിനെ 21–17, 21–8നു മറികടന്നാണ് പ്രീക്വാർട്ടറിൽ സ്ഥാനം ഉറപ്പാക്കിയത്.
പുരുഷ വിഭാഗത്തിൽ എച്ച്.എസ്. പ്രണോയ്, സമീർ വർമ തുടങ്ങിയവർ നേരത്തേതന്നെ തോറ്റു പുറത്തായിരുന്നു. അതിനിടെ, അഞ്ചു തവണ ചാംപ്യനായ ആതിഥേയതാരം ലിൻ ഡാൻ പ്രീക്വാർട്ടറിൽ തോറ്റു പുറത്തായി. ചൈനയുടെ തന്നെ ഷി യുഖിയാണ് നേരിട്ടുള്ള സെറ്റുകൾക്ക് ലിൻ ഡാനെ തകർത്തത്. സ്കോർ: 15–21, 9–21