കണ്ണൂര്‍: വിവാദമായ കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറി.പെണ്‍കുട്ടിയുടെ രേഖകളിലുള്ള ജനനതീയതി തെറ്റാണെന്നും വൈദികന്‍ റോബിന്‍ വടക്കുഞ്ചേരിക്കെതിരെ പരാതിയില്ലെന്നും ഇവര്‍ കോടതിയില്‍ മൊഴി നല്‍കി. ഇന്നലെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും കേസില്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു.
പെണ്‍കുട്ടി ജനിച്ചത് 1997ലാണ്. എന്നാല്‍ രേഖകളിലുള്ളത് 1999 എന്നാണ്. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറാണെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയെ അറിയിച്ചു. ഇതോടെ ഇവരെ കോടതി കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു.ഇന്നലെ വൈദികന്‍ തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണ് വൈദികനുമായി ഉള്ളതെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയുടെ കൂറുമാറ്റം.
കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി കൂറുമാറിയതോടെ കേസിന്റെ വിചാരണയുടെ ഗതിതന്നെ മാറിയിരുന്നു . വിചാരണക്കിടെയാണ് കൊട്ടിയൂര്‍ പീഡനക്കേസിലെ ഇര കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. ഉഭയകക്ഷി സമ്മതത്തോടെയാണ് ഫാ. റോബിനുമായി ബന്ധത്തിലേര്‍പ്പെട്ടതെന്നും ആ സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി.ഫാ. റോബിനുമായി കുടുംബജീവിതം ആഗ്രഹിക്കുന്നുവെന്നും തന്റെ കുഞ്ഞിന്റെ പിതാവ് ഫാ. റോബിനാണെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെമുതലാണ് കേസില്‍ വിചാരണ തുടങ്ങിയത്. പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായ മൊഴിയാണ് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയത്. താനും റോബിനും ഒരുമിച്ച് വിനോദയാത്രവരെ നടത്തിയിരുന്നതായി പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. പോലീസിന് നല്‍കിയതില്‍ നിന്ന് വ്യത്യസ്തമായ മൊഴി നല്‍കിയതിനാല്‍ പെണ്‍കുട്ടി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ജഡ്ജി പി.എന്‍. വിനോദ് പെണ്‍കുട്ടി കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു.കമ്പ്യൂട്ടര്‍ പരിശീലനത്തിനെത്തിയ പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നായിരുന്നു കേസ്.