BY സമര്‍
ചെയ്യുന്ന വോട്ടുകള്‍ എല്ലാം താമരയിലേക്ക് പോകുന്നു..ഉപതിരഞ്ഞെടുപ്പുകള്‍ ഒഴികെയുള്ള എല്ലാ പ്രധാന തിരഞ്ഞെടുപ്പുകളിലും കേള്‍ക്കുന്ന പരാതിയാണ് ഇത്..ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്താന്‍ ആകുമെന്ന് പ്രതിപക്ഷ കക്ഷികള്‍ നിരന്തരം പരാതി പറയുമ്പോള്‍ ഗൗനിക്കാത്ത കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പായി ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരിക എന്ന ആവശ്യവുമായി 17 പ്രതിപക്ഷ കക്ഷികള്‍ അണിനിരക്കാന്‍ പോകുമ്പോള്‍ EVM ( ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ) പൊതുചര്‍ച്ചയിലേക്ക് വീണ്ടും വരികയാണ്. അഭിപ്രായ സമന്വയം ഉണ്ടെങ്കില്‍ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാം എന്ന് എല്‍.കെ.അദ്വാനി അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കളും സഖ്യകക്ഷിയായ ശിവസേനയും പോലും ആവശ്യപ്പെടുമ്പോള്‍ പോലും കേന്ദ്ര സര്‍ക്കാരിന് മാത്രം ഒരു കുലുക്കവും ഇല്ല.
തങ്ങളുടെ പ്രതിനിധികള്‍ കൃത്രിമത്വം ഇല്ലാതെയാണ് തിരഞ്ഞെടുക്കപ്പെടുന്നത് എന്ന് തെളിയിക്കാന്‍ വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നില്‍ രണ്ടു അവസരങ്ങള്‍ ആണ് ഉള്ളത്. 1. കേന്ദ്ര അധികാരത്തില്‍ എത്തും മുന്‍പ് വാദിച്ചിരുന്ന പോലെ ഇ.വി.എം ഒഴിവാക്കി ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകുക. 2. നിലവിലുള്ള വോട്ടിംഗ് യന്ത്രങ്ങളില്‍ എല്ലാം തന്‍റെ വോട്ട് ആര്‍ക്ക് വീണു എന്ന് വോട്ടര്‍ക്ക് മനസിലാകാന്‍ കഴിയുന്ന തരത്തില്‍ ഉള്ള വിവി പാറ്റ് യന്ത്രം ഘടിപ്പിക്കുക.( വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ രാജ്യമൊട്ടാകെ ഇത് സാധ്യമല്ല എന്നും അതിനുള്ള വിവി പാറ്റ് മെഷീനുകള്‍ ലഭ്യമല്ല എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വെളിവാക്കിയ സാഹചര്യത്തില്‍ രണ്ടാം മാര്‍ഗം അത്ര എളുപ്പമല്ല.)
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാട്ടാമെന്ന ആരോപണം ആദ്യമുയര്‍ത്തിയത് ബി.ജെ.പി തന്നെയാണ്. 2009ല്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരുന്നു.ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എളുപ്പംഅട്ടിമറി നടത്താനും ഹാക്ക് ചെയ്യാനും കഴിയുന്ന ഒന്നാണെന്നായിരുന്നു അന്ന് ബി.ജെ.പി ഉയര്‍ത്തിയ ആരോപണം. ആരോപണം ഉയര്‍ത്തുക മാത്രമല്ല ബി.ജെ.പി അത് തെളിയിച്ചു കാണിച്ചുതരികയും ചെയ്തിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്യാമെന്ന് ഹൈദരാബാദ് സ്വദേശിയായ ഹരിപ്രസാദ് എന്ന ടെക്‌നീഷ്യനാണ് ഡെമോണ്‍സ്‌ട്രേറ്റ് ചെയ്ത് കാണിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ യൂട്യൂബ് വീഡിയോ കാണാം.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രം വഴിയിലുള്ള തെരഞ്ഞെടുപ്പ് കുറ്റമറ്റതല്ലെന്നും ഇതിനൊപ്പം പേപ്പര്‍ ട്രെയില്‍ ഏര്‍പ്പെടുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം പേപ്പര്‍ ട്രെയിലും കൊണ്ടുവരണമെന്നായിരുന്നു 2013 ഒക്ടോബര്‍ ഒമ്പതിന് സുപ്രീം കോടതി ഉത്തരവിട്ടത്.‘സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിന് ഇത് അത്യാവശ്യമാണ്.’ എന്നു പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് ഈ നിര്‍ദേശം നല്‍കിയതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്തത്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഈ ഉത്തരവ്.വോട്ട് വെരിഫയര്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി.പി.എ.ടി) കൊണ്ടുവരാനാവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എട്ട് മണ്ഡലങ്ങളില്‍ വി.വി.പി.എ.ടി മെഷീന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയില്‍ മാത്രമല്ല, വിദേശരാജ്യങ്ങളിലും തെരഞ്ഞെടുപ്പിന് ഇ.വി.എം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയില്ലായ്മ കാരണം നിരവധി രാജ്യങ്ങള്‍ വോട്ടിംഗ് യന്ത്രം നിരോധിച്ചിട്ടുണ്ട്. സുതാര്യമല്ല എന്ന് പറഞ്ഞുകൊണ്ട് നെതര്‍ലാന്‍ഡ്സും ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ച് ജര്‍മ്മനിയും ഇ.വി.എമ്മുകളുടെ ഉപയോഗം നിരോധിച്ചതാണ്. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഇന്നുവരെ വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ സുതാര്യത സംബന്ധിച്ച് 51 മില്യണ്‍ പൗണ്ട് ചിലവഴിച്ച് മൂന്നുവര്‍ഷം പഠനം നടത്തിയശേഷമാണ് അയര്‍ലന്റ് ഇത് നിരോധിച്ചത്.തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ കൃത്രിമം കാട്ടിയെന്ന കണ്ടെത്തലുകളെ തുടര്‍ന്നാണ് വെനസ്വേല, മാസിഡോണിയ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇ.വി.എം ഉപയോഗിക്കുന്നത് അവസാനിപ്പിച്ചത്.യു.എസിലെ കാലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളില്‍ പേപ്പര്‍ ട്രെയില്‍ ഇല്ലാതെ ഇ.വി.എം ഉപയോഗിക്കുന്നത് അനുവദനീയമല്ല.
താരതമ്യേന ലളിതമായ രൂപകൽപ്പനയാണ് തെരഞ്ഞെടുപ്പു യന്ത്രങ്ങളുടേത്. ഇത് തന്നെയാണ് പ്രധാന പ്രശ്നം. ഇ.വിഎമ്മില്‍ ഉപയോഗിക്കുന്ന കോഡ് വളരെ ലളിതമാണ്. വിദേശ രാജ്യങ്ങളിലെ യന്ത്രങ്ങളിൽ 10 ലക്ഷത്തിലേറെ വരികൾ വരെ ഉള്ളപ്പോൾ, ഇവിടെ ഏതാനും ആയിരം വരികളേ ഉള്ളൂ. (കോഡിന്റെ സങ്കീർണ്ണത മൂലം, തെറ്റ് പറ്റിയാൽ കണ്ടുപിടിക്കാൻ പോലും പറ്റിലെന്നായപ്പോൾ പല രാജ്യങ്ങളും അവരുടെ യന്ത്രങ്ങൾ ഉപേക്ഷിച്ച് പഴയ ബാലറ്റ് പേപ്പര്‍ രീതിയിലേക്ക് മടങ്ങി എന്നത് വേറെക്കാര്യം). ചുരുങ്ങിയ കോഡിംഗ് ഗുണകരമാണെങ്കിലും, ചിപ്പുണ്ടാക്കുന്ന കമ്പനിയിലെയോ മറ്റൊ ഒരാൾക്ക് വേണെമെങ്കിൽ വളരെ എളുപ്പത്തിൽ കൃത്രിമത്വം കാട്ടാന്‍ സാധിക്കും .
25 വര്‍ഷമായി ഐടി മേഖലയിലെ ജീവനക്കാരനായ ചേര്‍ത്തല സ്വദേശി ഒരു ജോയ് മാത്യുവിന്റെ അഭിപ്രായമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ വോട്ടിംഗ് മെഷീനെ കുറിച്ച് ഒരു നിരീക്ഷണം വൈറലായ നിരീക്ഷണം നോക്കാം. വോട്ടിംഗ് മെഷീനുകളിലെ പ്രോഗ്രാമുകളില്‍ ആവശ്യാനുസരണം മാറ്റം വരുത്താനാവുമെന്നാണ് ജോയ് മാത്യു പറയുന്നത്. വിദഗ്ധരായ സോഫ്റ്റ്‍വെയര്‍ എന്‍ജിനീയര്‍മാര്‍ വിചാരിച്ചാല്‍ ഇതിന്റെ ക്രമീകരണം എളുപ്പമാണ്. പരിശോധിക്കുമ്പോള്‍ എല്ലാം കൃത്യമായി പ്രവര്‍ത്തിക്കും. ആദ്യത്തെ പത്തോ അമ്പതോ പ്രാവശ്യം കൃത്യമായി പ്രവര്‍ത്തിച്ചു കഴിഞ്ഞു മാത്രം ഈ സെറ്റിങ്ങിലേക്കു മാറാം. അതില്ലെങ്കില്‍ മറ്റുള്ള സ്ഥാനാര്‍ഥികള്‍ക്ക് വരുന്ന അഞ്ചു വോട്ടുകളില്‍ ഒന്ന് നമുക്ക് വേണ്ടയാളിന് കിട്ടത്തക്ക രീതിയില്‍ സെറ്റ് ചെയ്യാം. അല്ലെങ്കില്‍ ഒരു ടൈം സെറ്റിംഗിലൂടെ വോട്ടിംഗ് ദിവസം രാവിലെ ഒമ്പത് മണിക്കോ 10 മണിക്കോ സെറ്റിംഗ് സിസ്റ്റം പ്രവര്‍ത്തനം തുടങ്ങുകയും വൈകീട്ട് വീണ്ടും അത് ഓഫ് ആയി കൃത്യമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയില്‍ സെറ്റ് ചെയ്യാം. ഒരു ഹിസ്റ്ററിയും ബാക്കി വെക്കാതെ എല്ലാ സെറ്റിംഗുകളും ആവശ്യം കഴിഞ്ഞാല്‍ മായിച്ചു കളയുകയും ചെയ്യും. അതിവിദഗ്ധമായ പരിശോധനക്ക് ആരും മുതിരാന്‍ സാധ്യതയില്ല എന്നത് കൊണ്ട് തന്നെ കള്ളത്തരം എളുപ്പം തിരിച്ചറിയാന്‍ സാധിക്കില്ല.
ഇതിനെ സാധൂകരിക്കുന്നു, ലഖ്നോവിലെ ഇങ്കിലാബ് പത്രത്തിന്റെ മേധാവി മുഹമ്മദ് ഖാലിദ് യുപി തെരഞ്ഞെടുപ്പിന് മുമ്പായി നടത്തിയ അവലോകനം. ഉത്തര്‍പ്രദേശില്‍ പോള്‍ ചെയ്ത വോട്ടുകള്‍ യന്ത്രത്തില്‍ കാണിക്കുമെന്ന് ഉറപ്പില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതിനായി നിരവധി തെളിവുകളും അദ്ദേഹം പറയുന്നുണ്ട്.2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലഖ്നോവില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥി രാജ്‍നാഥ് സിംഗിന് ലഭിച്ച ഭൂരിപക്ഷമാണ് അതിലൊന്ന്. ഫലപ്രഖ്യാപനത്തിന് മുമ്പ് വോട്ടെടുപ്പില്‍ താന്‍ പരാജയപ്പെടുമെന്ന് സിംഗ് തന്നെ സൂചന നല്‍കിയിട്ടും രണ്ടര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിംഗ് ജയിച്ചത്. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായി അനീസ് അന്‍സാരി മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാനായി യന്ത്രത്തില്‍ ഞെക്കിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നമായ താമര തെളിഞ്ഞുവന്ന കാര്യവും മുഹമ്മദ് ഖാലിദ് ചൂണ്ടിക്കാണ്ടുന്നു. (അനീസ് അന്‍സാരി ബൂത്തിനകത്ത് വെച്ച് പരാതിയെഴുതി നല്‍കി. ജില്ലാ മജിസ്ട്രേറ്റിനെ നേരില്‍ക്കണ്ടും പരാതി നല്‍കി. നടപടിയുണ്ടായില്ല). വോട്ടിംഗ് യന്ത്രം എവിടെ വെച്ചാലും റിമോട്ട് വഴി ഡാറ്റകളില്‍ മാറ്റം വരുത്താനാവുമെന്ന് തെളിയിക്കപ്പെട്ടതാണെന്നും ഖാലിദ് ചൂണ്ടിക്കാട്ടുന്നു. വരാണസിയില്‍ മോദിക്ക് പോള്‍ ചെയ്തതില്‍ കൂടുതല്‍ വോട്ടുകള്‍ ആണ് യന്ത്രം കാണിച്ചത്. (അതിനെതിരെ നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ല)
മുംബൈയില്‍ ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സഞ്ജയ് നിരുപം ആണ് ആദ്യമായി ഈ വിഷയം ഉന്നയിച്ചത്. മണ്ഡലത്തില്‍ രണ്ടാമത് തെരഞ്ഞെടുപ്പ് നടത്തിയാല്‍ താന്‍ ജയിക്കുമെന്ന് അദ്ദേഹം കമ്മീഷനെ വെല്ലുവിളിച്ചു. നേരത്തെ ഈ സംശയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ഉന്നയിച്ചിരുന്നു. പക്ഷേ ആരും ഗൗനിച്ചില്ല. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും അതിനാല്‍ ചില ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളില്‍ എത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിക്കാണ് വോട്ട് രേഖപ്പെടുത്തപ്പെടുന്നത് എന്നുമായിരുന്നു കെജ്‌രിവാളിന്റെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കെജ്‍രിവാള്‍ കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ അത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്താന്‍ കഴിയില്ലെന്ന വിശദീകരണവുമായി ആരോപണങ്ങളെ തള്ളിക്കളയുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തത്.നിലവിലെ വോട്ടിംഗ് യന്ത്രം ഉദ്യോഗസ്ഥരുടെ സഹായത്താല്‍ കൃത്രിമങ്ങള്‍ നടത്താന്‍ കഴിയുന്ന തരത്തിലുള്ളതാണെന്ന് ഡെല്‍ഹി നിയമസഭയില്‍ പരസ്യമായി പ്രവര്‍ത്തിപ്പിച്ച് പൊതുജനങ്ങളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ബോധ്യപ്പെടുത്താന്‍ കെജ്‌രിവാളിന്റെ സഹപ്രവര്‍ത്തകരായ നിയമസഭാ സാമാജികര്‍ക്ക് സാധിച്ചിട്ട് പോലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാത്രം അത് അംഗീകരിക്കാനോ വിശ്വസിക്കുന്നതിനോ തയ്യാറായിട്ടില്ല.
കഴിഞ്ഞ മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്വന്തം വോട്ട് കാണാനില്ലെന്ന് പറഞ്ഞ് 700 സ്ഥാനാര്‍ത്ഥികള്‍ പരാതി നല്‍കിയതാണ് ഈ വിഷയത്തിലെ ഗൌരവതരമായ ഒന്ന്.ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയ മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് തോറ്റ 700ലേറെ സ്ഥാനാര്‍ഥികളാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്. ബി.ജെ.പി ജയിച്ച പുനെ നഗരസഭ ഒന്നാം വാര്‍ഡില്‍ മത്സരിച്ച 15 പേര്‍ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്.വാര്‍ഡിലെ ആകെ 62,810 വോട്ടര്‍മാരില്‍ 33,289 പേരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണിയപ്പോള്‍ മൊത്തം വോട്ട് 43,324. അധിക 10,035 വോട്ടുകള്‍ എവിടെനിന്ന് വന്നെന്നാണ് പരാജിതരായ കോണ്‍ഗ്രസ്, എന്‍.സി.പി സ്ഥാനാര്‍ഥികളും സ്വതന്ത്രരും അടക്കമുള്ളവര്‍ ചോദിച്ചത്. ഉത്തരം ഇതുവരെ ലഭിച്ചതുമില്ല.
തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം (ഇ.വി.എം) ഉപയോഗിക്കുന്നതിനു പകരം ബാലറ്റ് പേപ്പര്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞിരുന്നു എന്നത് കൂടി കൂട്ടിവായിക്കുക. തിരഞ്ഞെടുപ്പുകള്‍ക്ക് ബാലറ്റ് പേപ്പര്‍ സംവിധാനം തിരിച്ചുകൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുസംബന്ധിച്ച ധാരണയില്‍ എത്തിയാല്‍ പേപ്പര്‍ ബാലറ്റ് തിരിച്ചു കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കാമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി പറഞ്ഞ വാക്കിലേക്ക് ഇപ്പോള്‍ പ്രതിപക്ഷ കൂട്ടായ്മ എത്തുകയാണ്. ശിവസേന കൂടി അതിനെ പിന്തുണയ്ക്കുക ചെയ്തതോടെ വിഷയത്തില്‍ ഏകീകൃത അഭിപ്രായം ഉണ്ടാക്കുക അത്ര ബുദ്ധിമുട്ടേറിയ ഒന്നാകില്ല. ഇനി അഭിപ്രായം പറയേണ്ടത് ബിജെപി ആണ്..ഹരിപ്രസാദിനെ വെച്ച് വോട്ടിംഗ് യന്ത്ര കൃത്രിമത്വം തെളിയിച്ച ബിജെപി ബാലറ്റ് പേപ്പറിലേക്ക് മാറാന്‍ മടിക്കുന്നതെന്ത് ?