ന്യൂഡല്‍ഹി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെള്ളിയാഴ്ച ചോദ്യം ചെയ്യും. ഇതിനായി കേരളത്തില്‍ നിന്നെത്തിയ അന്വേഷണ സംഘം വ്യാഴാഴ്ച ഡല്‍ഹിയില്‍ നിന്ന് ജലന്ധറിലേക്ക് പോകും. ബിഷപ്പിനൊപ്പം രൂപത ഭരണ കേന്ദ്രത്തിലെ ഉന്നത വൈദികരില്‍ നിന്നും മൊഴിയെടുക്കും.
ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ 50 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി പോലീസ് തയ്യാറാക്കിയിട്ടുണ്ട്. അന്വേഷണ സംഘം ഇപ്പോള്‍ ഡല്‍ഹിയിലാണുള്ളത്.
ഉജ്ജയിന്‍ ബിഷപ്പില്‍ നിന്നും കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ജലന്ധര്‍ ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്നാണ് ഉജ്ജയിന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ മൊഴി നല്‍കിയത്.
രണ്ട് വര്‍ഷത്തോളം ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രി നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പരാതി പിന്‍വലിക്കാന്‍ ബിഷപ്പ് ഇടനിലക്കാരന്‍ വഴി വന്‍ തുക വാഗ്ദാനം ചെയ്തതായി പരാതിക്കാരി ആരോപിച്ചിരുന്നു.