ന്യൂഡൽഹി: പ്രവാസികൾക്ക് പ്രോക്സി വോട്ടിനുള്ള ബില്ലിന് ലോക്സഭയുടെ അംഗീകാരം. പ്രോക്സി വോട്ടിംഗിനുള്ള നിർദേശത്തിനു കഴിഞ്ഞ വർഷം കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതാണ്. ഇതിനായി 2017ലെ ജനപാതിനിധ്യ നിയമ ഭേദഗതിക്കുള്ള ബില്ലിനാണ് ഇപ്പോൾ ലോക്സഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.
എന്നാൽ, ബില്ലിനെ എതിർത്തു സംസാരിച്ച അംഗങ്ങളിൽ പലരും പ്രോക്സി വോട്ട് പ്രവാസിയുടെ രാഷ്ട്രീയ താത്പര്യത്തിന് വിരുദ്ധമായി ചെയ്യാനിടയുണ്ടെന്നാണു ചൂണ്ടിക്കാട്ടിയത്. പ്രവാസികൾക്ക് വോട്ട് ചെയ്യുന്നതിനായി ബയോമെട്രിക് തിരിച്ചറിയൽ സംവിധാനത്തോടെ ഓണ്ലൈൻ മാർഗം മതിയാകും എന്നും ചിലർ ചൂണ്ടിക്കാട്ടി.
പ്രവാസികൾക്ക് വോട്ടർ പട്ടികയിലുള്ള മണ്ഡലത്തിൽ നേരിട്ട് വോട്ട് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ചു വോട്ട് ചെയ്യാനുള്ള അവസരമാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. പ്രോക്സി വോട്ട് ചെയ്യാൻ ചുമതലപ്പെടുത്തുന്നയാളും (മുക്ത്യാർ) അതേ മണ്ഡലത്തിൽ തന്നെയുള്ള ആളായിരിക്കണം. പകരം വ്യക്തിയെ ചുമതലപ്പെടുത്തിക്കൊണ്ട് ആറും മാസം മുൻപ് റിട്ടേണിംഗ് ഓഫീസർക്ക് അപേക്ഷ നൽകണം. ഇങ്ങനെ ഒരു പ്രാവശ്യം ചുമതലപ്പെടുത്തുന്ന പകരം വ്യക്തിക്കും തുടർന്നുള്ള തെരഞ്ഞെടുപ്പുകളിലും പ്രവാസിക്കു വേണ്ട് വോട്ട് ചെയ്യാം.
പ്രോക്സി വോട്ടിനെ ചൊല്ലിയുള്ള എംപിമാരുടെ ആശങ്കകൾക്കെല്ലാം തന്നെ നിയമപരമായ പരിഹാരങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര നിയമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.കുടിയേറ്റ തൊഴിലാളികൾക്ക് പോസ്റ്റൽ ബാലറ്റ് സംവിധാനം അപ്രാപ്യമായ സാഹചര്യം കണക്കിലെടുത്താണ് നിയമഭേദഗതിക്കു രൂപം നൽകിയതെന്നും മന്ത്രി പറഞ്ഞു.