തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതിക്കു കാരണം ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയില്‍ ഉപയോഗിച്ചതാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ പ്രകൃതിക്ഷോഭത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയുമായിരുന്നെന്നും ഗാഡ്ഗില്‍ പറഞ്ഞു. സംസ്ഥാനത്തിലെ ദുരന്തം മനുഷ്യനിര്‍മിതമാണെന്നും ഗാഡ്ഗിന്‍ കുറ്റപ്പെടുത്തി.
ഈ ദുരന്തം വിളിച്ചുവരുത്തിയതാണ്. ദുരന്തത്തിന് കാരണം ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയില്‍ ഉപയോഗിച്ചതാണ്. വലിയ പേമാരിയാണ് കേരളത്തില്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇത് കാലവര്‍ഷത്തില്‍ നിന്നുണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണ്. മഴ പെയ്യുന്നത് മാത്രമല്ല ഇതിന് കാരണം. ദുരന്തത്തിന് കാരണം ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയില്‍ ഉപയോഗിച്ചതാണ്. വിശദമായ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ നല്‍കിയിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു ശിപാര്‍ശ. എന്നാല്‍ ഒന്നും നടപ്പായില്ല- ഗാഡ്ഗില്‍ പറഞ്ഞു. ശിപാര്‍ശ നടപ്പാക്കിയിരുന്നെങ്കില്‍ ദുരന്തത്തിന്റെ തീവ്രത കുറയുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ഉദ്യോഗസ്ഥരും കമ്മിറ്റി ശിപാര്‍ശയ്‌ക്കെതിരേ സാന്പത്തിക താല്‍പര്യത്തിനായി കൈകോര്‍ത്തെന്നും അവരാണ് യഥാര്‍ഥ ഉത്തരവാദികളെന്നും ഗാഡ്ഗില്‍ കുറ്റപ്പെടുത്തി.