ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാപുരില്‍ പശു കടത്തലിന്റെ പേരില്‍ ജനക്കൂട്ടം ആക്രമണത്തിന് ഇരയായ വ്യക്തിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ സമിയുദ്ദീന് (65) സംരക്ഷണം ഉറപ്പുവരുത്താന്‍ മീററ്റ് പൊലീസിന് കോടതി നിര്‍ദേശം നല്‍കി. സമിയുദ്ദീനെതിരായ അക്രമം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പൊലീസിനോട് ആവശ്യപ്പെട്ടു.
ജൂണ്‍ 18നാണ് 45കാരനായ ഖാസിം ഖുറേഷിയെന്ന ഇറച്ചി വ്യാപാരിയെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ സമിയുദ്ദീന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ പശുവിന്റെ പേരിലുള്ള ആക്രമണമല്ല നടന്നതെന്നായിരുന്നു പൊലീസ് വാദം. പിന്നീട് ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ പ്രചരിച്ചതോടെ പൊലീസ് വെട്ടിലായി. സമിയുദ്ദീനെ ആള്‍ക്കൂട്ടം ചീത്ത വിളിക്കുന്നതിന്റെയും താടിപിടിച്ചു വലിച്ചു മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിച്ചത്.
പശുവിന്റെ പേരില്‍ തന്നെയാണ് തങ്ങള്‍ കൊലപാതകം നടത്തിയതെന്ന് ജാമ്യത്തിലിറങ്ങിയ പ്രതികള്‍ എന്‍.ഡി.ടി.വി നടത്തിയ ഒളികാമറ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയും ചെയ്തു. വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഹാപൂര്‍ ആള്‍കൂട്ടക്കൊലയിലെ ഇരയുടെ അഭിഭാഷകര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.