ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയിൽവെ സ്റ്റേഷനുകളായി രാജസ്ഥാനിലെ ജോധ്പൂരും മാർവാറും തിരഞ്ഞെടുക്കപ്പെട്ടതായി റെയിൽവെ മന്ത്രി പീയുഷ് ഗോയൽ.
വരുമാനത്തിന്റെയും യാത്രക്കാരുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രധാന സ്റ്റേഷനുകളെ എ, എ വൺ വിഭാഗങ്ങളായി തരംതിരിച്ചിട്ടുള്ളത്. ശുചിത്വത്തിന്റെ കാര്യത്തിൽ റെയിൽവെ സ്റ്റേഷനുകൾ തമ്മിലുള്ള മത്സരം പ്രോത്സാഹിപ്പിക്കാനാണ് ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് റെയിൽവെമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.ജോധ്പുർ എ വൺ വിഭാഗത്തിലും മാർവാർ എ വിഭാഗത്തിലുമാണ് ഏറ്റവും വൃത്തിയുള്ള സ്റ്റേഷനുകളായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കിക്കൊണ്ട് റെയിൽവെ മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു. എ വൺ വിഭാഗത്തിൽ രാജസ്ഥാനിലെതന്നെ ജയ്പൂരിനാണ് രണ്ടാംസ്ഥാനം. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്റ്റേഷൻ മൂന്നാം സ്ഥാനം നേടി. എ വൺ വിഭാഗത്തിൽ കഴിഞ്ഞവർഷം ഒന്നാം സ്ഥാനത്തെത്തിയ വിശാഖപട്ടണം സ്റ്റേഷൻ ഇത്തവണ പത്താം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു.
എ വിഭാഗത്തിൽ രാജസ്ഥാനിലെ ഭുലേറയ്ക്കും തെലങ്കാനയിലെ വാറങ്കലിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവെ സ്റ്റേഷൻ അഞ്ചാം സ്ഥാനം നിലനിർത്തി. എന്നാൽ നിസാമുദീൻ, ഓൾഡ് ഡൽഹി സ്റ്റേഷനുകൾ 54, 60 സ്ഥാനങ്ങളിലേക്ക് പിൻതള്ളപ്പെട്ടു. വൃത്തിയുള്ള പ്ലാറ്റ്ഫോമുകൾ, ട്രാക്കുകൾ, ചവറുകൊട്ടകൾ തുടങ്ങിയവ കണക്കിലെടുത്താണ് വൃത്തിയുള്ള റെയിൽവെ സ്റ്റേഷനുകൾ കണ്ടെത്തിയത്.