കൊച്ചി: മഴ ശക്തമായതോടെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കുവൈറ്റ്-കൊച്ചി വിമാനം ചെന്നൈയിലേക്കും സൗദി-കൊച്ചി വിമാനം തിരുവനന്തപുരത്തേക്കും വഴിതിരിച്ചുവിട്ടു. ദോഹയിൽ നിന്നുള്ള ജെറ്റ് എയർവേസ് വിമാനവും ദുബായിൽ നിന്നുള്ള ഇൻഡിഗോ വിമാനവും ബംഗളൂരുവിലേക്ക് ഗതിമാറ്റിവിട്ടു. അബുദാബിയിൽ നിന്നുള്ള എയർഇന്ത്യ വിമാനം കോയമ്പത്തൂരിലേക്ക് വഴിതിരിച്ചുവിട്ടു.
മുല്ലപ്പെരിയാർ അണക്കെട്ടു കൂടി തുറന്ന സാഹചര്യത്തിൽ പെരിയാരിൽ വെള്ളം ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്നുള്ളതും വിമാനത്താവളത്തിലും പരിസരപ്രദേശങ്ങളും വെള്ളം കയറിത്തുടങ്ങിയതും പരിഗണിച്ചാണിതെന്നാണ് വിവരം. നെടുമ്പാശേരിയിൽ വിമാന സർവീസുകൾ ഉച്ചയ്ക്ക് രണ്ടു വരെ പൂർണമായി നിർത്തിവച്ചിരിക്കുകയാണ്. വിമാനങ്ങളുടെ സർവീസ് നിർത്തിവച്ച സാഹചര്യത്തിൽ നെടുമ്പാശേരിയിൽ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കുന്നതിന് വേണ്ടിയാണ് കണ്ട്രോൾ റൂം തുറന്നത്. നമ്പർ- 0484 3053500, 0484 2610094.