വാഷിങ്ടണ്‍: നോട്ടു നിരോധനവും ജിഎസ്ടിയും എല്ലാം 2017 ല്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു തിരിച്ചടിയായെങ്കിലും, 2018 ല്‍ ഇന്ത്യ 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ലോക ബാങ്ക്. രാജ്യം അടുത്ത രണ്ടു വര്‍ഷത്തിനിടയില്‍ 7.5 ശതമാനമായ് വളര്‍ച്ച നിരക്ക് ഉയര്‍ത്തുമെന്നും ലോകബാങ്ക് കണക്കാക്കിയിട്ടുണ്ട്. ലോകബാങ്ക് ചൊവ്വാഴ്ച പുറത്തിറക്കിയ ഗ്ലോബല്‍ എക്കണോമിക്സ് പ്രോപ്പൊസലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചെറിയ കാലത്തിനിടെയുള്ള വീഴ്ചകളല്ല വിദൂര ഭാവിയിലാണ് ഇന്ത്യ ശ്രദ്ധ നല്‍കുന്നത് എന്ന് ലോകബാങ്ക് ഡെവലപ്പ്‌മെന്റ് പ്രോസ്‌പെക്ട് ഗ്രൂപ്പ് ഡയറക്ടര്‍ അയാന്‍ കോസി പറഞ്ഞു. ഇന്ത്യയുടെ വലിയ ചിത്രമാണ് താന്‍ ശ്രദ്ധിക്കുന്നത്. ആ ചിത്രം തന്നോട് പറയുന്നത് ഇന്ത്യക്ക് വന്‍ സാധ്യതയാണുള്ളത് എന്നാണെന്നും കോസി പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് വളരെ നല്ല നിലയിലാണ്. ചൈനയുടെ വളര്‍ച്ച നിരക്കു കുറയുമെന്നും ഇന്ത്യയുടെത് വര്‍ധിക്കുമെന്നുമാണ് ലോക ബാങ്കിന്റെ കണക്കു കൂട്ടല്‍.
ഉത്പാദന മേഖലയില്‍ വളര്‍ച്ചയാണുള്ളത്. എന്നാല്‍ സ്ത്രീതൊഴിലാളികളുടെ പങ്കാളിത്തവും പ്രധാനമാണ്. മറ്റ് രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം കുറവാണ്. നിലവില്‍ തൊഴിലില്ലാത്തവരെ കൂടെ ഉത്പാദന മേഖലയിലേക്ക് കൊണ്ടുവന്നാല്‍ ഉണ്ടാകുന്ന മാറ്റം വലുതായിരിക്കുമെന്നും കോസി പറഞ്ഞു.
സ്വകാര്യ നിക്ഷേപങ്ങള്‍ പ്രോത്‌സാഹിപ്പിക്കുക, യുവജനങ്ങളിലെ തൊഴിലില്ലായ്മ കുറക്കുക തുടങ്ങിയവ ചെയ്താല്‍ ഇന്ത്യക്ക് സാധ്യതകള്‍ക്കപ്പുറം പോകാന്‍ സാധിക്കുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. 2018 ല്‍ കൂടുതല്‍ നന്നായി ഇന്ത്യ പ്രവര്‍ത്തിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.