ശബരിമല : ശബരിമലയില്‍ ബോംബെന്ന് വ്യാജസന്ദേശം നല്‍കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വ്യാജസന്ദേശം നല്‍കിയ തിമ്മരാജയെന്ന യുവാവിനെ പമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം യുവാവിനെ ഹൊസൂരിലേക്ക് കൊണ്ടുപോയി. സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ദേബേഷ്‌കുമാര്‍ ബെഹ്‌റ, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഡോ. സതീഷ് ബിനോ എന്നിവര്‍ തിമ്മരാജയെ ചോദ്യംചെയ്തു.
കുടുംബ തര്‍ക്കമാണ് വ്യാജസന്ദേശത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. തിമ്മരാജയുമായുള്ള കുടുംബവഴക്കിനെ തുടര്‍ന്ന് അച്ഛന്‍ ഉമാശങ്കറാണ് വ്യാജസന്ദേശം നല്‍കിയതെന്നും സൂചനയുണ്ട്. ഉമാശങ്കറിനെയും ചോദ്യം ചെയ്യുമെന്നും അറിയുന്നു. തിമ്മരാജയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഹൊസൂരിലേക്ക് തിരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് ബോംബുണ്ടെന്ന സന്ദേശം പമ്പ പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് ലഭിച്ചത്. തമിഴ് കലര്‍ന്ന മലയാളത്തിലായിരുന്നു സംസാരം. ബോംബ് സ്‌ക്വാഡും പൊലീസും ശബരിമലയും പരിസരവും തെരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. സന്ദേശത്തെത്തുടര്‍ന്ന് നിലയ്ക്കല്‍, പമ്പ, സന്നിധാനം, എരുമേലി എന്നിവിടങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.