തിരുവനന്തപുരം: പ്രളയക്കെടുതികളെത്തുടർന്ന് വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് 10,000 രൂപ ഇന്നുതന്നെ നൽകി തുടങ്ങും. അവധിക്ക് ശേഷം ബാങ്ക് സേവനം പുനരാരംഭിക്കുന്ന ആദ്യ ദിനം തന്നെ അടിയന്തിര സഹായം വിതരണം ചെയ്തുതുടങ്ങണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ തന്നെ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രളയത്തിൽ തകർന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് തുക ലഭ്യമാക്കാൻ ഉടൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇൻഷുറൻസ് കമ്പനി പ്രതിനിധികളുടെ യോഗം വിളിക്കാനും തീരുമാനമായി.
താത്കാലികാശ്വാസമെന്ന നിലയിലാണ് ക്യാമ്പിൽ കഴിഞ്ഞവർക്ക് 10,000 രൂപ നല്കുന്നത്. തുടർച്ചയായ ബാങ്ക് അവധി കാരണമാണ് പലരുടെയും അക്കൗണ്ടിലേക്ക് പണം നൽകാനാവാതിരുന്നതെന്ന് തിങ്കളാഴ്ച രാവിലെ കളക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ വിലയിരുത്തിയിരുന്നു . നേരത്തേ ഇതിനായി കമ്പനി പ്രതിനിധികളുമായി തിരുവനന്തപുരത്ത് ചർച്ച നടത്തിയിരുന്നു.
നിലവിൽ 1,093 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,42,699 പേരുണ്ട്. ഓഗസ്റ്റ് എട്ടു മുതൽ 27 വരെ 322 പേർ മരിച്ചു. കുറച്ചുദിവസംകൂടി ക്യാമ്പുകൾ തുടരാനാണ് തീരുമാനം. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്ന നടപടികൾ തുടരുകയാണ്. ഇനി 56,000 കണക്ഷനുകൾ പുനഃസ്ഥാപിക്കാനുണ്ട്. ഇതിനകം നാലു ലക്ഷത്തോളം പക്ഷികളുടെയും 18,532 ചെറിയ മൃഗങ്ങളുടെയും 3,766 വലിയ മൃഗങ്ങളുടെയും ജഡങ്ങൾ സംസ്കരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.