കൊച്ചി : പ്രളയക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ വർധന. പെട്രോൾ വില കൊച്ചിയിൽ 80 രൂപ കടന്നു. നഗരപരിധിക്കു പുറത്തു വില 81 രൂപയായി. 16 പൈസയാണ് ഇന്നു കൂടിയത്. ഡീസൽവില നഗരത്തിൽ 74 രൂപയ്ക്കടുത്തെത്തി. 15 പൈസ ഇന്നു മാത്രം ഉയർന്നു. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വില 81 രൂപയ്ക്കു മുകളിലെത്തി. ഈ ജില്ലകളിൽ ഡീസൽവില 74 രൂപയ്ക്ക് മുകളിലും.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നതാണു കാരണം. ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 79 ഡോളറിലെത്തി. രൂപയുടെ മൂല്യം ഇടിയുന്നതിനാൽ ഇറക്കുമതിച്ചെലവേറുന്നതും ഇന്ധനവിലർധനയ്ക്കു കാരണമാകുന്നുണ്ട്. ഇന്ധനവില ഏറ്റവും കുറവുള്ള ഡൽഹിയിൽ ഇന്നലെ പെട്രോൾ, ഡീസൽ വിലകൾ റെക്കോർഡിലെത്തിയിരുന്നു.
കഴിഞ്ഞ നാലു ദിവസവും വില ഉയർന്നു. 26 നു പെട്രോൾ വില 11 പൈസയും ഡീസൽ വില 14 പൈസയും കൂടി. ഈ മാസം ആദ്യ ആഴ്ചയിൽ ഡീസൽ വിലയിൽ 78 പൈസ കൂടിയിരുന്നു. 68 പൈസ പെട്രോൾ വിലയും ഉയർന്നു. ജൂലൈയിൽ ഡീസൽവില 50 പൈസയാണ് ഉയർന്നതെങ്കിൽ ഈ മാസം രണ്ടര രൂപയോളം വർധിച്ചു. പെട്രോൾ വിലയിലും രണ്ടു രൂപയുടെ വർധന ഓഗസ്റ്റിൽ ഇതുവരെയുണ്ട്. പ്രളയ ദിനങ്ങളിലും വില നേരിയ തോതിൽ വർധിച്ചിരുന്നു. ഓഗസ്റ്റിൽ ഇതുവരെ, ഒരു പൈസയുടെ കുറവുപോലും ഇന്ധന വിലയിൽ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില
കൊച്ചി
പെട്രോൾ – 80.06
ഡീസൽ –73.41
തിരുവനന്തപുരം
പെട്രോൾ – 81.14
ഡീസൽ –74.44
കോഴിക്കോട്
പെട്രോൾ –80.85
ഡീസൽ –74.15.